ഇളമ്പ കല്ലിൻമൂട് ഭാഗത്ത്‌ തെരുവുനായ ശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

മുദാക്കൽ : മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട ഇളമ്പ, കല്ലിൻമൂട് പാട്ടത്തിൽ വിള ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പരാതി. വീടുകളുടെ മതിൽ ചാടിക്കടന്ന് എത്തുന്ന തെരുവ് നായ്ക്കൾ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നതും കൂട് പൊളിച്ച് കോഴികളെ കൊന്ന് തിന്നുന്നതും പതിവാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഉഷ മന്ദിരത്തിൽ ഉഷയുടെ ആട്ടിൻ കുട്ടിയെ തെരുവ് നായ്ക്കൾ അക്രമിച്ചതാണ് ഒടുവിലെ സംഭവം.

മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും തെരുവ് നായ്ക്കൾ ഭീതി പരത്തുന്നു. കൊച്ചു കുട്ടികൾക്ക് വീടിന് പുറത്ത് ഇറങ്ങാൻ ഭയമാണ്. തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാനും ജന ജീവിതം സുരക്ഷിതമാക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.