1997ലും 2007ലും മോഷണം നടത്തി മുങ്ങി നടന്ന പ്രതികളെ പോലീസ് പിടികൂടി

വർക്കല : 13, 23ഉം വർഷങ്ങൾക്ക് ശേഷം മോഷ്ടാക്കൾ പൊലീസിന്റെ പിടിയിൽ. വർഷങ്ങളായി പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്ന മോഷ്ടാക്കളെ വർക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. 1997ലും 2007ലും നടന്ന രണ്ട് വ്യത്യസ്ത മോഷണകേസുകളിലെ പ്രതികളാണ് പിടിയിലായത്.

വർക്കല മുണ്ടയിൽ വില്ലേജ് ഓഫീസിനു സമീപം ശ്രീമൂലനിലയത്തിൽ ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിൽ 1997 സെപ്തംബർ 16ന് ജനൽകമ്പി തകർത്ത് അകത്തുകയറി സ്വർണാഭരണവും പണവും മോഷ്ടിച്ച കേസിലെ പ്രതി മുണ്ടയിൽ ചരുവിളവീട്ടിൽ അനിൽകുമാർ (50), 2007 മാർച്ച് 9ന് ചിലക്കൂർ ശ്രീപൂയം വീട്ടിൽ സത്യശീലനെ വീട്ടിനകത്തുകയറി വാൾ കഴുത്തിൽ വച്ച് കാലും കൈയും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി അൻപതിനായിരം രൂപ കവർന്ന കേസിലെ പ്രതി വർക്കല കുരയ്ക്കണ്ണി എസ്.എം മൻസിലിൽ ഫിറോസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വർക്കല പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ എം.ജി. ശ്യാം, ജി.എ.എസ്.ഐമാരായ രാധാകൃഷ്ണൻ, ഷൈൻ, സി.പി.ഒ ഷിബുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.