തൊഴിലുറപ്പ് തൊഴിലാളികളുടെ മഹാപ്രക്ഷോഭം, അഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

അഴൂർ : അഴൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറു ദിനം തൊഴിൽ നൽകാത്തതിലും, കഴിഞ്ഞ എട്ട് മാസമായി വേതനം നൽകാത്തതിലും പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കോൺഗ്രസ് പാർലമെൻററി പാർട്ടിയുടെ നേത്യത്വത്തിൽ അഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളും, ബഹുജനങ്ങളും പങ്കെടുത്തു.

പെരുങ്ങുഴി നാലുമുക്കിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേർന്നപ്പോൾ ഓഫീസ് ഗേറ്റ് അടച്ച പോലീസ് സമരക്കാരെ റേഡിൽ തടഞ്ഞു. ഓഫീസിനകത്തേക്ക് തള്ളിക്കയറിയ സമരക്കാരും പോലീസും തമ്മിൽ ഉന്തും, തള്ളും ഉണ്ടാവുകയും നേതാക്കളെത്തി പ്രവർത്തകരെയും തൊഴിലാളികളെയും പിന്തിരിപ്പിക്കയും ചെയ്തു. ഓഫീസ് മുറ്റത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച തൊഴിലാളികൾ ഒന്നര മണിക്കൂറോളം ഇത് തുടർന്നു. തുടർന്നു നടന്ന പ്രതിഷേധ ധർണ്ണ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തിരുവോണ നാളിൽ പോലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാത്ത അഴൂർ പഞ്ചായത്ത് കമ്മിറ്റി, 8 മാസമായി ചെയ്ത ജോലിക്ക് കൂലിനൽകാതെ തൊഴിലാളികളെ വഞ്ചിക്കയാണെന്നും അദ്ദേഹം പറഞ്ഞു. തടഞ്ഞുവെച്ചിരിക്കുന്ന കൂലി അടിയന്തിരമായി നൽകുകയും, 100 ദിവസ തൊഴിൽ നൽകുകയും ചെയ്യണമെന്നും, പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും, കത്താത്ത തെരുവുവിളക്കുകളും ഉടനടി നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നേതാക്കളായ കൊയ്ത്തൂർക്കോണം സുന്ദരൻ,കെ. ഓമന,ജി.സുരേന്ദ്രൻ, മുട്ടപ്പലം സജിത്ത്, എ.ആർ.നിസാർ, എസ്. വസന്തകുമാരി, മാടൻവിള നൗഷാദ്, എസ്.ജി.അനിൽകുമാർ, രജ്ഞിത്ത് പെരുങ്ങുഴി, മധു പെരുങ്ങുഴി, അജു കൊച്ചാലുമ്മൂട്, അഖിൽ അഴൂർ, രാഹുൽ അഴൂർ, പി.ബിജി, അഴൂർ രാജു, അർഷാദ് കൊട്ടാരം തുരുത്ത്, പി.ഷീജ, റസിയ സലിം ,ബബിത മനോജ്, രാജീവ് നാലുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.