ചെമ്മരുതിയിലെ ചന്തകളിൽ നിന്നും വലിയ തോതിൽ അഴുകിയ ചാളയും ചൂരയും പിടികൂടി.

ചെമ്മരുതി : ചെമ്മരുതി പഞ്ചായത്തിലെ തച്ചോട്, കോവൂർ ചന്തകളിൽ നിന്നും പഴകിയതും അഴുകിയതുമായ മീൻ പിടികൂടി. ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ആരോഗ്യ വകുപ്പ് ജില്ലയിലൊട്ടാകെ നടത്തുന്ന ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. തച്ചോട്, കോവൂർ ചന്തകളിൽ നിന്നും 50 കിലോ അഴുകിയ ചാളയും ചൂരയുമാണ് പിടികൂടി നശിപ്പിച്ചത്. വിവിധ മീനുകളുടെ സാമ്പിളുകൾ പബ്ലിക് ഹെൽത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കാനായി ശേഖരിച്ചു. പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ അയിരൂർ പോലീസ് എത്തി നീക്കം ചെയ്തു. വർക്കല ഭക്ഷ്യ സുരക്ഷാ ഓഫിസർ ജോൺ വിജയകുമാർ ചിറയൻകീഴ് ഭക്ഷ്യ സുരക്ഷാ ഓഫീസർ ധന്യ ശ്രീവൽസം ചെമ്മരുതി കുംടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ആർ ഗോപകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

അടുത്തകാലത്തായി ചെമ്മരുതി കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയിൽ അഴുകിയതും പഴകിയതുമായ മത്സ്യങ്ങൾ പിടികൂടുന്നുണ്ട്. വാഹനങ്ങളിൽ എത്തി വീടുകളിൽ വിൽപ്പന നടത്തുന്ന മത്സ്യവും, ചന്തകളിൽ വില്പന നടത്തുന്ന മത്സ്യവും അഴുകിയതാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലീം പറഞ്ഞു. കൂടാതെ തുടർന്നും പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.