വീട്ടിൽ നിന്ന് മോഷണം പോയ ഫർണിച്ചർ ഒരു കടയിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നു, ഫർണിച്ചർ നഷ്ടപ്പെട്ടയാൾ പോലീസിൽ പരാതി നൽകി

കരവാരം : കരവാരം പറക്കുളം ക്ഷേത്രത്തിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും ഫർണിച്ചർ മോഷണം പോയെന്ന് പരാതി. നാവായിക്കുളം എസ്.കെ മൻസിലിൽ സി. രാകേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിലുകളും ജനാലകളും ഇളക്കിമാറ്റി അകത്തുകടന്ന മോഷ്ടാക്കൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും, മുകളിൽ പാകിയിരുന്ന ഓടുകളും മോഷ്ടിച്ചതായാണ് ഉടമ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. വഴിതർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ ഒന്നരവർഷമായി ഈ വീട്ടിൽ താമസമില്ല. കഴിഞ്ഞയാഴ്ച നാവായിക്കുളത്ത് പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയിൽ തന്റെ വീട്ടിലുള്ളതിന് സമാനമായ ഫർണിച്ചറുകൾ രാകേഷിന്റെ ശ്രദ്ധയിൽപെടുകയും കടക്കാരോട് അന്വേഷിച്ചപ്പോൾ മറ്റൊരാളിൽ നിന്ന് വിലയ്ക്ക് വാങ്ങിയതാണെന്ന് അറിയുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തന്റെ വീട്ടിലുള്ള ഫർണിച്ചറുകൾ തന്നെയാണ് കടയിൽ ഉള്ളതെന്ന് കണ്ടെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണം ആരംഭിച്ചു.