ഇത്തവണത്തെ ബജറ്റിലുമില്ല:  കഠിനംകുളം കായൽ ടൂറിസം പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി.

കായൽ ഭംഗി ആസ്വദിക്കാൻ കഠിനംകുളം മുതൽ അകത്തുമുറി വരെ കായലിൽ ബോട്ടിങ്ങ് തുടങ്ങുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. ജില്ലയിലെ തീരദേശ കായലുകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഉൾനാടൻ കായൽ വിനോദസഞ്ചാരപദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2017 ൽ പ്രഖ്യാപിച്ചിരുന്നു.

പെരുമാതുറ, അഞ്ചുതെങ്ങ്,കായിക്കര, പൊന്നുംതുരുത്ത്, പണയിൽ കടവ് വഴി അകത്തുമുറി വരെ ബോട്ടിങ്ങ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ അന്ന് പ്രഖ്യാപിച്ചത്.

ഒരു ദിശയിൽ മൂന്ന് മണിക്കൂർ നേരം ബോട്ടിലിരുന്നു കായൽ ആസ്വാദിക്കാനായി ഇരുപത് പേർക്കിരിക്കാവുന്ന കാശ്മീരിലെ ദാൽ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന മനോഹരമായ ഷിക്കാര ബോട്ടുകളാവും ഉപയോഗിക്കുകയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കഠിനംകുളത്ത് ഹൗസ് ബോട്ടുകൾക്ക് ഉൾപ്പെടെ സൗകര്യം നൽക്കുന്നതിനായി ടെർമിനൽ, ലഘുഭക്ഷണശാല, ആധുനിക രീതിയിലുള്ള ടോയ്ലറ്റ്, മനോഹരമായ പണയിൽ കടവിൽ വിശ്രമകേന്ദ്രം,പെരുമാതുറ,അഞ്ചുതെങ്ങ്, കായിക്കര, പെന്നുംതുരുത്ത്, പണയിൽ കടവ്, അകത്തുമുറി എന്നിവിടങ്ങളിൽ ഫ്ലോട്ടിങ് ജട്ടിക്കളുണ്ടാവുമെന്നും, കൂടാതെഹൗസ് ബോട്ട് സംവിധാനം നടത്തുന്നതിന് സ്വകാര്യ സംരംഭകർക്ക് സൗകര്യമൊരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ബജറ്റ് പലതും കടന്ന് പോയെങ്കിലും അതിലൊന്നും കഠിനംകുളം കായൽ ടൂറിസം പദ്ധതി കാണാൻ കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാറിന്റെ അവസാന ബജറ്റിലെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തിന് വെളിച്ചം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. എന്നാൽ ഇത്തവണത്തെ ബജറ്റിലും ആ സ്വപ്നം വെളിച്ചം കണ്ടില്ല.