കിളിമാനൂർ കാരേറ്റ് ഗുണ്ടാ വിളയാട്ടം : പ്രതികൾ അറസ്റ്റിൽ

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാരേറ്റ് സ്വകാര്യ ബാറിന് സമീപം പ്രവർത്തിക്കുന്ന ടയർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ജീവനക്കാരനായ അരുൺകുമാറിനെ ആയുധം കൊണ്ട് തലയ്ക്കടിച്ച് നരഹത്യയ്ക്ക് ശ്രമിച്ച പ്രതികളെ കിളിമാനൂർ പോലീസ് പിടികൂടി. ജനുവരി 31ന് വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം.

വാമനപുരം യുപിഎസ് സമീപം ധനവർഷിണി വീട്ടിൽ ധനീഷ് (30), നെല്ലനാട് അമ്പലംമുക്ക് ലക്ഷ്മി വിലാസത്തിൽ ഗോകുൽ (25), അമ്പലംമുക്ക് ഗാന്ധിനഗർ പടിപ്പുരവീട്ടിൽ പ്രിൻസ് (29), അമ്പലംമുക്ക് ഗാന്ധിനഗറിൽ സുനിതാ ഭവനിൽ കൃഷ്ണ(20), കണിച്ചോട് വലിയ വിളാകത്ത് വീട്ടിൽ അനുരാഗ് (28)എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കാരേറ്റ്, വാമനപുരം പ്രദേശങ്ങളിൽ നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ടവരാണ്. കിളിമാനൂർ സി.ഐ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അഷറഫ് അബ്ദുള്ള ഷാജി, കൃഷ്ണൻകുട്ടി, സുനിൽകുമാർ, പോലീസുകാരായ സോജു, ബിനു, വിനീഷ്, മോഹനൻ, അജോ ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.