കാപ്പിലിൽ കടലിൽ കാണാതായ യുവാവ് കോടതിയിൽ കീഴടങ്ങി, നാടകീയ രംഗങ്ങൾ ഇങ്ങനെ…

വർക്കല : ജനുവരി 24ന് രാവിലെ 7 മണിയോടെ കാപ്പിൽ ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവ് വർക്കല കോടതിയിൽ കീഴടങ്ങി. ചിറയിൻകീഴ് കോരാണി സ്വദേശിയായ ബിജുവാണ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

ജനുവരി 24 നു രാവിലെ 7 മണിയോടെ കാപ്പിൽ ബീച്ചിൽ കുളിക്കുന്നതിനിടെ ബിജുവിനെ കടലിൽ കാണാതായെന്ന് സുഹൃത്ത് അജീഷാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് അയിരൂർ പോലീസും  കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തിയെങ്കിലും ബിജുവിനെ കണ്ടെത്താനായില്ല. എന്നാൽ 3 ദിവസം കഴിഞ്ഞിട്ടും മൃതദേഹമോ ഒന്നും കിട്ടാതായതോടെ അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

തുടർന്ന് പരാതിക്കാരൻ അജീഷിനെയും ബന്ധുക്കളെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുകയും ബിജുവിന്റെ പാസ്പോർട്ടും മറ്റു രേഖകളും അന്വേഷണം നടത്തുകയും ചെയ്തതോടെ ബിജു വർക്കല മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. പലരിൽ നിന്നും വൻതുക വാങ്ങിയശേഷം മടക്കി നൽകാത്തതിനെ തുടർന്ന് ബിജു ഒളിവിൽ പോവുകയായിരുന്നു.അതിന് ബിജു തെരഞ്ഞെടുത്ത വഴിയാണ് കടലിൽ കാണാതായെന്ന്. എന്നാൽ പോലീസിന്റെ അന്വേഷണം തന്നെ കണ്ടെത്തും എന്ന് മനസ്സിലാക്കിയ ബിജു കോടതിയിൽ കീഴടങ്ങുകയായിരുന്നു.

എന്നാൽ പോലീസിനെയും കോസ്റ്റൽ പോലീസിനെയും തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്ത കേസിൽ ബിജുവിനെതിരെയും പരാതിക്കാരനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അയിരൂർ പോലീസ് പറഞ്ഞു.