5 കിലോ കോഴിയിറച്ചി ആവശ്യപ്പെട്ടെത്തിയ സംഘം കോഴിക്കടയിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നു

പോത്തൻകോട് : കോഴിക്കടയിൽ ഇറച്ചി വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടംഗ സംഘം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞു. മടവൂർപ്പാറ ശാസ്‌തവട്ടം കൊട്ടുംവിള വീട്ടിൽ മോഹൻരാജിന്റെ കടയിലാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ അഞ്ചുകിലോ നാടൻ കോഴിയിറച്ചി ആവശ്യപ്പെട്ടു. ഉടമ അകത്തേക്ക് കയറുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ മേശയിലുണ്ടായിരുന്ന രൂപ കൈക്കലാക്കിയ ശേഷം ഇരുവരും ബൈക്കിൽ ചേങ്കോട്ടുകോണം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. 10000 രൂപ നഷ്ടപ്പെട്ടതായി ഉടമ പറയുന്നു. പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.