‘ഇപ്പൊ ശരിയാക്കിത്തരാം’: വീരളം – കച്ചേരിനട റോഡിന്റെ വശം അപകടക്കെണിയാക്കി ഇട്ടിട്ട് ദിവസങ്ങൾ…

ആറ്റിങ്ങൽ : ആറ്റിങ്ങൽ വീരളം – കച്ചേരി നട റോഡിൽ റോഡിന്റെ സൈഡ് കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി ഇടിച്ചു കുഴിയാക്കി ഇട്ടിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇപ്പൊ ശരിയാക്കിത്തരാം എന്നും പറഞ്ഞാണ് റോഡ് സൈഡിലെ മണ്ണ് വെട്ടിമാറ്റി കുഴിയാക്കിയത്. ഇപ്പോൾ ഇതൊരു അപകടക്കെണിയായി നിലകൊള്ളുന്നു.മാത്രമല്ല പ്രദേശത്തെ വ്യാപാരികൾക്ക് വയറ്റത്തടിയും.

റോഡിൽ നിന്ന് താഴ്ന്നു നിൽക്കുന്ന ഈ ഭാഗത്ത് വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. കഴിഞ്ഞ ദിവസം തലനാരിഴയ്ക്കാണ് ഒരു യുവാവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങൾ നിരവധി ഉള്ള ഇവിടെ ആ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾക്ക് വരാൻ കഴിയാത്ത സ്ഥിതിയായി. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് ഇതൊരു വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

കൊല്ലം ഭാഗത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് ഉൾപ്പടെ കടന്നു പോകുന്ന റോഡിന്റെ വശങ്ങളാണ് അപകടക്കെണിയായി നിലകൊള്ളുന്നത്. എന്നാൽ വലിയ മുതലാളിമാരുടെ മുറ്റം ഗ്ലാസ് പോലെ തിളങ്ങുന്ന രീതിയിൽ സിമന്റ്‌ പോളിഷ് ചെയ്തു നൽകിയ ജോലിക്കാരുടെ ആത്മാർത്ഥ ആരും കാണാതെ പോകരുതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. റോഡ് പണിയും അനുബന്ധ നവീകരണവും നടത്തുമ്പോൾ പണത്തിന്റെ വലുപ്പം നോക്കാതെ ഒരു പോലെ മാന്യമായി ചെയ്യണമെന്നും വ്യാപാരികൾ പറഞ്ഞു. അടിയന്തിര പ്രാധാന്യം നൽകി കോൺക്രീറ്റ് പ്രവർത്തനം പൂർത്തിയാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നു.