കോരാണിയിൽ മുടിവെട്ട് കടയിൽ സംഘർഷം : യുവാവിന് പരിക്ക്, സിസിടിവി ദൃശ്യം കാണാം..

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോരാണിയിലെ മുടിവെട്ട് കടയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് പരിക്കേറ്റതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം 7 അര മണി കഴിഞ്ഞാണ് സംഭവം.

കോരാണിയിൽ പ്രവർത്തിക്കുന്ന മോക്സ് മെൻസ് സലൂണിൽ വെച്ചാണ് പുറത്ത് നിന്ന് എത്തിയ സംഘങ്ങൾ അടിപിടി കൂടിയത്. രണ്ടു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർക്കഥയാണ് ഇതെന്നാണ് വിവരം. തോന്നയ്ക്കൽ ഇടയാവണത്ത്‌ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പതിനാറാംമൈലിലെയും പൊകയിലത്തോപ്പിലെയും യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ അക്രമം. സലൂണിൽ മുടി വെട്ടിക്കാൻ വന്ന ഒരു സംഘത്തെ മറു വിഭാഗം കാണുകയും തുടർന്ന് അവർ സലൂണിൽ കയറി അക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരൻ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ അത് വക വെക്കാതെ ഒരു യുവാവിനെ സംഘം ചേർന്ന് മർദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് സലൂൺ ഉടമയും മർദ്ദനമേറ്റ യുവാവും ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സലൂണിൽ കയറി അക്രമം നടത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അന്വേഷണം നടന്നു വരുന്നതായും ഉടൻ നടപടി ഉണ്ടാകുമെന്നും ആറ്റിങ്ങൽ എസ്‌ഐ എസ്. സനൂജ് പറഞ്ഞു.