ഇടവിളകൃഷിയിലും നൂറുമേനി കൊയ്യാൻ മടവൂർ എൽ പി സ്കൂൾ

മടവൂർ : മണ്ണിനും മനസിനും ഉണർവുതരുന്ന കൃഷി രീതികൾക്ക് പ്രചാരമേറുകയാണ്. നാളേക്കായി പ്രകൃതിയുടെ വിഭവങ്ങൾ കാത്തുവക്കുന്ന ഈ കൃഷിരീതികൾ മണ്ണും വെള്ളവും സംരക്ഷിക്കുകയും മനുഷ്യനെ പ്രകൃതിയുമായി ചേർത്തു നിർത്തുകയും ചെയ്യുന്നു.ഇതിനെ ചുവടുപിടിച്ച് തിരുവനന്തപുരം മടവൂർ ഗവ:എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ് നൂറുമേനി കൊയ്ത പാടത്ത് കൊയ്ത്തിനുശേഷം പയറും ഉഴുന്നും കൃഷിയിറക്കിയത്. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പയറുവർഗ്ഗത്തിൽപെട്ട സസ്യങ്ങൾ നടന്നത് പതിവായിരുന്നു.

മണ്ണിലെ നൈട്രജൻ ക്രമീകരിക്കുന്നതിനാണ് പണ്ടു മുതലേ ആളുകൾ ഇവ നട്ടു പോന്നിരുന്നത്.സ്കൂളിലെ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഉഴുന്നും പയറും കൃഷിയിറക്കിയത്.45 ദിവസമാണ് വളർച്ചാകാലം. ആനക്കുന്നം നിവാസിയായ ശ്രീമാൻ സജിത്ത് സൗജന്യമായി വിട്ടു നൽകിയ ഭൂമിയിലാണ് കുട്ടികൾ നൂറുമേനി കൊയ്യാൻ ഒരുങ്ങുന്നത്. ഇടവിള കൃഷിയുടെ പ്രാധാന്യം അത് ചെയ്യുന്നതുകൊണ്ട് മണ്ണിന് കിട്ടുന്ന ഗുണങ്ങൾ എന്നിവ കുട്ടികൾക്കായി അദ്ദേഹം പരിചയപ്പെടുത്തി.ട്രാക്ടർ ഉപയോഗിച്ച് നിലം ഒഴുകുന്നതും അദ്ദേഹം വിശദീകരിച്ചു. സ്കൂളിൽ ജൈവ പച്ചക്കറികൃഷി,ഔഷധ സസ്യത്തോട്ടം തുടങ്ങിയവ കാർഷികക്ലബ്ബിൻ്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടന്നുവരികയാണ്. അധ്യാപകർ ,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.