കാടു പിടിച്ചു കിടന്ന പാറക്കെട്ടുകൾക്കിടയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

വെമ്പായം: വട്ടപ്പാറ കുറ്റിയാണി കുടുക്കംപാറയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ഏകദേശം രണ്ടു മാസത്തെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. കുടുക്കംപാറയിൽ ഡോ. ഉമ്മൻകോശിയുടെ പുരയിടത്തിലാണ് അസ്‌ഥികൂടവും തലയോട്ടിയും കണ്ടത്. കാടു പിടിച്ചു കിടന്ന പാറക്കെട്ടുകൾക്കിടയിൽ കഴിഞ്ഞ ദിവസം രാവിലെ തേൻ എടുക്കാൻ പോയ നാട്ടുകാരാണ് പാറക്കൂട്ടത്തിൽ തലയോട്ടി കണ്ടത്. വട്ടപ്പാറ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അസ്ഥികൂടത്തിന്റെ മറ്റ് ഭാഗങ്ങൾ കണ്ടത്. തുടർന്ന് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസ്ഥികൂടം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി. വി ബേബിയുടെ നേതൃത്വത്തിൽ വട്ടപ്പാറ സി. ഐ സിജു നായരാണ് കേസ് അന്വേഷിക്കുന്നത്.