വർക്കലയിൽ നഗരസഭയുടെ നേതൃത്വത്തിൽ റിസോർട്ട് പൊളിച്ചുനീക്കി

വർക്കല :  പാപനാശം കുന്നിൽ നിർമ്മാണത്തിലിരുന്ന അനധികൃത റിസോർട്ട് നഗരസഭ അധികൃതർ പൊളിച്ചുനീക്കി. വിനോദ സഞ്ചാരകേന്ദ്രമായ പെരുങ്കുളം, ചുടുകാട് ലെയിനിലെ ബാംബൂ റിസോർട്ടിന്റെ നിർമ്മാണിലിരുന്ന ഇരുനില കെട്ടിടമാണ് പൊളിച്ചു നീക്കിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച് നടപടി വൈകിട്ട് 4ഓടെയാണ് അവസാനിച്ചത്. കെട്ടിടത്തിന്റെ ഒന്നാംനില നേരത്തെ നിർമ്മിച്ചതായിരുന്നു. രണ്ടാംനിലയുടെ നിർമ്മാണം നടക്കുന്നതിനിടെയാണ് നഗരസഭ റിസോർട്ട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത് കെട്ടിടം ഉടമ ഹിയറിംഗിനെത്തിയെങ്കിലും വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് കൺഫർമേഷൻ ഓർഡർ നൽകി. ഇതിനിടെ കെട്ടിടം ഉടമ വീണ്ടും നിർമ്മാണം നടത്തിയതിനെ തുടർന്ന് നഗരസഭ വെക്കേഷൻ നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെ നോട്ടീസിന്റെ സമയപരിധി തീർന്നതിനെ തുടർന്നാണ് നഗരസഭാധികൃതർ റിസോർട്ട് കെട്ടിടങ്ങൾ പൊളിച്ചത്. കുന്നിന്റെ അഗ്രഭാഗായി നിർമ്മിച്ച പില്ലറുകൾ ജെ.സി.ബിക്ക് കടന്നുചെല്ലാൻ കഴിയാത്തിടത്താണ്. തത്കാലം അതിൽ തുടർനിർമ്മാണം നടത്താൻ കഴിയാത്ത നിലയിൽ പില്ലറുകൾക്ക് ബലക്ഷയവും വരുത്തിയിട്ടുണ്ട്.  പോലീസ് സംരക്ഷണത്തിൽ നഗരസഭ സെക്രട്ടറി സജിയുടെ നേതൃത്വത്തിലാണ് നഗരസഭ അധികൃതർ സ്ഥലത്തെത്തിയത്.