ആറ്റിങ്ങൽ പോക്സോ കോടതി ജൂലൈ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പുതുതായി അനുവദിച്ച പോക്സോ കോടതിയുടെ ഉദ്ഘാടനം ജൂലൈ ഒന്നിന് നടക്കുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു. ജൂൺ 30ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റീസും ചേർന്ന് 17 പോക്സോ കോടതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. സംസ്ഥാനത്ത് കുട്ടികളോടുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി അനുവദിച്ച 28 പോക്സോ കോടതികളുടെ ഭാഗമായാണ് ആറ്റിങ്ങലിൽ പുതിയ കോടതി ആരംഭിച്ചത്. ഇതിൻ്റെ ഉദ്ഘാടനം ജൂലൈ ഒന്ന് രാവിലെ 10 മണിക്ക് ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ നടക്കും.

പോക്സോ കോടതി ആരംഭിക്കാനുള്ള പരിശ്രമങ്ങളിൽ ഒപ്പം നിന്ന എല്ലാ സുമനസ്സുകളോടും നന്ദി അറിയിക്കുന്നതായി ബി.സത്യൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നാല് കോടതികൾക്ക് അനുമതി നൽകിയെങ്കിലും ആറ്റിങ്ങൽ മാത്രമാണ് ജൂലൈ ഒന്നിന് പ്രവർത്തന സജ്ജമാകന്നത് . ആറ്റിങ്ങൽ എംഎൽഎ അഡ്വ.ബി.സത്യൻ്റെ ശ്രമഫലമായാണ് ആറ്റിങ്ങലിൽ കോടതി ഒന്നാം തീയതി തന്നെ ആരംഭിക്കാൻ തീരുമാനമായത്.

ആറ്റിങ്ങൽ കോർട്ട് കോമ്പ്ളക്സിൽ നടന്ന പത്ര സമ്മേളനത്തിൽ ബാർ അസോസിയേഷൽ പ്രസിഡൻറ് അഡ്വ.അൽത്താഫ് ,സെക്രട്ടറി. ഷിബു, സിജെ രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.ബാർ അസോസിയേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം വിട്ടു നൽകിയതിനെത്തുടർന്നാണ് അവിടെ കോടതി ആരംഭിക്കാനായത്. ബാർ അസോസിയേഷന് എം.എൽ.എ ഇടപെട്ട് തൊട്ടടുത്ത റവന്യൂ വകുപ്പിൻ്റെ കെട്ടിടം അനുവദിച്ച് നൽകി.