ആര്യനാട്ട് കർശന നിയന്ത്രണം

ആര്യനാട് : ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം ഇരിഞ്ചൽ വാർഡുകളിൽ കൊവിഡ് വ്യാപനം കൂടിയതോടെ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയ പ്രദേശങ്ങളിൽ ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി നെടുമങ്ങാട് തഹസിൽദാർ അറിയിച്ചു. പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളായ ആര്യനാട്, തോളൂർ, കാര്യോട്, പേഴുമൂട്, കാനക്കുഴി, ലൂഥർഗിരി, താന്നിമൂട് പ്രദേശങ്ങൾ പൂർണമായും അടച്ചിടും. ഈ പ്രദേശങ്ങളിൽ നിന്നും പുറത്തേയ്ക്ക് ആളുകൾ പോകുന്നതും കണ്ടെയ്ൻമെന്റ് സോണിലേയ്ക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതും കർശനമായും നിയന്ത്രിക്കും. ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സർവീസുകൾ നിറുത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7മുതൽ 11വരെ മാത്രമേ പ്രവർത്തിക്കൂ. ടാക്സി, ഓട്ടോറിക്ഷാ തുടങ്ങിയവ പൂർണമായും നിറുത്തും.

കഴിഞ്ഞ ഒരാഴ്ചയായി പാലൈക്കോണം ഇരിഞ്ചൽ വാർഡുകളിൽ നിന്നായി 20തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗണപതിയാംകുഴിയിൽ മൂന്ന് വീടുകളിലായി ആറോളം പേർക്ക് വീതമാണ് കുടുംബത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരാവസ്ഥയിലായതോടെയാണ് വാർഡുകൾ കർശന നിയന്ത്രണത്തോടെ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയത്. അതിർത്തി പ്രദേശങ്ങൾ പൂർണമായും അടച്ചിടുന്നതിനാൽ പ്രദേശവാസികൾ സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാ ബീഗം അറിയിച്ചു