ആറ്റിങ്ങലിൽ ‘അഗതി രഹിത കേരളം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.

അറ്റിങ്ങൽ: ‘അഗതി രഹിത കേരളം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പട്ടണത്തിൽ തുടക്കമായി. സംസ്ഥാന സർക്കാർ ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ട നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു.

അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വാർഡുകളിലെ 49 ഗുണഭോക്‌താക്കൾക്കും ചെയർമാന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ഇതുവരെ ഈ പദ്ധതിയിൽ പട്ടണത്തിലെ 19 പേരായിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പട്ടിക നവീകരിക്കുകയും അർഹരായാ 30 ഗുണഭോക്താക്കളെക്കൂടി ചേർത്ത് 49 അംഗങ്ങളുള്ള പുതുക്കിയ പദ്ധതിയായി മാറ്റിയിരുന്നു.
വീട്ടിൽ ഒരു ഗുണഭോക്താവാണ് ഉള്ളതെങ്കിൽ 500 രൂപയും, രണ്ട് പേർക്ക് 700 രൂപയും, 3 പേരാണെങ്കിൽ ഇത് 900 രൂപയുടെയും സാധനങ്ങളാണ് ഇവരുടെ വീടുകളിൽ എത്തിക്കുന്നത്. റേഷൻ കടയിൽ നിന്ന് സബ്സിഡി ഇനത്തിൽ ലഭിക്കാത്ത സാധങ്ങളാണ് തികച്ചും സൗജന്യമായി ഇവർക്കെത്തിച്ച് കൊടുക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് മുടക്കം കൂടാതെ നഗരസഭ എത്തിക്കുമെന്നും ചെയർമാൻ അറിയിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ, അകൗണ്ടന്റ് ശരത് തുടങ്ങിയവർ പങ്കെടുത്തു.