Search
Close this search box.

ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം, ആറ്റിങ്ങലിൽ പിടിയിലായത് വഞ്ചിയൂരിൽ പട്ടാപകൽ മോഷണം നടത്തിയ പ്രതിയും കൂട്ടാളിയും

ei7OUNK93696

ആറ്റിങ്ങൽ : കൊലപാതകം അടക്കം നിരവധി കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ എന്ന രതീഷും ഇയാളുടെ കൂട്ടാളി മത്തായി എന്ന ബാബുവുമാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വഞ്ചിയൂരിൽ പകൽ സമയത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തി കിട്ടിയ സ്വർണ്ണാഭരണങ്ങളും പണവും ഉൾപ്പെടെ അടിവസ്ത്രതത്തിലും ഇരുചക്രവാഹനത്തിലും ഒളിപ്പിച്ച നിലയിൽ രതീഷിനെ പോലീസ് പിടികൂടിയത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്സ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് മോഷണമുതലുമായി ഇയാളെ പിടികൂടാനായത്. ഇകഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ ,ആര്യാഭവനിൽ രാജേന്ദ്രന്റെ വീട്ടിൽ പട്ടാപകൽ പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് മോഷണം നടന്നത് . രാവിലെ 9 മണിക്ക് ബന്ധുവീട്ടിൽ ഒരു ചടങ്ങിനായി പോയി ഉച്ചക്ക് മുമ്പ് തിരിച്ചെത്തുന്നതിനിടയിലാണ് വൻമോഷണം നടന്നത്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം മോഷണം പോയ സ്വർണ്ണത്തിൽ മൂന്ന് പവനോളം സ്വർണ്ണം കുറവുണ്ടായിരുന്നു. അവനവഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇയാൾ പണയം വെച്ച ആ സ്വർണ്ണവും പോലീസ് കണ്ടെടുത്തു. ഇതോടെ മോഷണം പോയ പതിനേഴര പവൻ സ്വർണ്ണവും അമ്പരായിരം രൂപയും ഇയാളിൽ നിന്നും പോലീസിന് വീണ്ടെടുക്കാനായി. മോഷണം ചെയ്ത കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് അടുത്ത മോഷണ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇയാൾ ഇരുചക്രവാഹന സഹിതം അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.

കാൽനടയായും ,ഇരുചക്രവാഹനങ്ങളിലും കറങ്ങി നടന്ന് പുറത്ത് നിന്ന് പൂട്ടിട്ട് ഗേറ്റ് പൂട്ടിയ വീടുകൾ കണ്ടെത്തി മോഷണം ചെയ്യുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇത്തരത്തിൽ നൂറോളം മോഷണക്കേസ്സുകളാണ് സംസ്ഥാനത്തൊട്ടാകെ ഇയാൾ ചെയ്തിട്ടുള്ളത്.

അവസാനം ജയിലിൽ നിന്നിറങ്ങി കഴിഞ്ഞ അഞ്ച് മാസമായി ജില്ലയിലാകെ മോഷണ പരമ്പരകൾ സൃഷ്ടിച്ച് പോലീസിന് തലവേദന ആയ ആറ്റിങ്ങൽ അവനവൻഞ്ചേരി ,കട്ടയിൽകോണം ആർ.എസ് നിവാസിൽ രതീഷ് എന്ന കണ്ണപ്പൻ രതീഷും(വയസ്സ് 34) ഇയാളുടെ കൂട്ടാളി വാമനപുരം ,പേടികുളം ഊട്ടുകുളങ്ങര ലക്ഷം വീട്ടിൽ മത്തായി എന്ന് വിളിക്കുന്ന ബാബുവുമാണ് (വയസ്സ് 59) അറസ്റ്റിൽ ആയത്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ , കവലയൂരിൽ രമേശൻ എന്നയാളിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെക്ക് മുഖ്യപ്രതിയായ ഇയാളെ പോലീസ് തിരഞ്ഞ് വരുകയായിരൂന്നു . കഴിഞ്ഞ മാസം ആറ്റിങ്ങൽ പൊയ്കമുക്കിൽ രമ്യാമനോജിന്റെ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നതും , നഗരൂർ പൊയ്കക്കടയിൽ പ്രവാസിയായ ചന്ദ്രഭാനുവിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതും ഉൾപ്പെടെ ആറ്റിങ്ങൽ , കടയ്ക്കാവൂർ , നഗരൂർ സ്റ്റേഷൻ പരിധികളിൽ നടന്ന ഒട്ടനവധി മോഷണ കേസ്സുളാണ് ഇയാളുടെ അറസ്റ്റോടെ ഇപ്പോൾ തെളിഞ്ഞത്.

കിളിമാനൂർ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സ് , കൊല്ലം കടയ്ക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 540 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസ്സുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വൻമോഷണം നടത്തിയശേഷം വിമാനമാർഗ്ഗമാണ് ഇയാൾ ഗോവയിലേക്ക് രക്ഷപ്പെട്ടത്. അന്ന് അവിടെ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത് .ഏഴ് മാസം മുമ്പ് കടയ്ക്കാവുർ , കവലയൂർ ഉള്ള പ്രവാസിയുടെ വീട്ടിൽ നിന്നും മോഷണം ചെയ്ത അമ്പത് പവനോളം സ്വർണ്ണാഭരണങ്ങൾ ബന്ധുവിന്റെ കൃഴിമാടത്തിൽ ഒളിപ്പിച്ചത് ഇയാളെ പിടികൂടി കണ്ടെടുത്തിരുന്നു. പിടിയിലായാലും മോഷണമുതലുകൾ തിരികെ നൽകാതെ പരസ്പര വിരുദ്ധമായി പറഞ്ഞ് പോലീസിനെ വട്ടംചുറ്റിക്കലായിരുന്നു ഇയാളുടെ ശൈലി. എക്സൈസിന്റെയും , പോലീസിന്റെയും നിരവധി കേസ്സുകളിലെ പ്രതിയാണ് ഇയാളോടൊപ്പം ഇപ്പോൾ പിടിയിലായ മത്തായി എന്ന ബാബു. മോഷണം ചെയ്ത് കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ പണയം വെക്കുന്നതും വിൽപ്പന നടത്തുന്നതും ബാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി , എസ്സ്.വൈ.സുരേഷ് , നഗരൂർ സബ്ബ് ഇൻസ്പെക്ടർ എം. സഹിൽ, ആറ്റിങ്ങൽ സബ്ബ് ഇൻസ്പെക്ടർ എസ്.സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ്ഖാൻ , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!