ആറ്റിങ്ങൽ ദേശീയപാത തുറന്നു, ഗതാഗത ക്രമീകരണം ഒഴിവാക്കി

ആറ്റിങ്ങൽ: പൂവമ്പാറ മൂന്ന്മുക്ക് ദേശീയപാത വ്യാപാരികളുടെയും നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ച് വാഹന സഞ്ചാരത്തിന് തുറന്നു കൊടുത്തു. കഴിഞ്ഞ മാസങ്ങളിലായി നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ ഒൺവേ സംവിധാനമാണ് ഉണ്ടായിരുന്നത്. പക്ഷേ ഓണത്തോടനുബന്ധിച്ചുള്ള ഗതാഗത കുരുക്ക് നീയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചിങ്ങം ഒന്നിന് റോഡ് താൽകാലികമായി ഗതാഗത യോഗ്യമാക്കിയത്. അഡ്വ.ബി.സത്യൻ എം.എൽ.എ റോഡ് തുറന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ ഔദ്യോഗിക വാഹനം ആദ്യമായി കടത്തി വിട്ടു.

പഴയ റോഡ് ഇളക്കി മാറ്റി 20 സെന്റിമീറ്റർ മുതൽ 60 സെന്റിമീറ്റർ വരെ കുഴിച്ച് വെറ്റ് മെക്കാഡം സ്ഥാപിച്ചാണ് 8 മീറ്റർ വീതിയിൽ റോഡിന്റെ ഒരു വശം നിർമ്മിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്കും ചെറുകിട വിപണികൾക്കും ഏറെ മാന്ദ്യം സംഭവിച്ചിരിക്കുന്നു. അതിനോടൊപ്പം ഗതാഗത കുരുക്കുണ്ടായാൽ ഓണം വിപണിയെ ഇത് സാരമായി ബാധിക്കും. നിലവിൽ റോഡിന്റെ അനുബന്ധ പ്രവർത്തനങ്ങൾ തുടരും. ഓണക്കാലം കഴിഞ്ഞാലുടനെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.