കടമ്പാട്ടുകോണത്ത് വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി

നാവായിക്കുളം : കടമ്പാട്ടുകോണത്ത് വാഹന പരിശോധനയ്ക്കിടെ എക്സൈസ് കഞ്ചാവ് പിടികൂടി. കോയമ്പത്തൂർ നോർത്ത് കൊണ്ടയം പാളയം വില്ലേജിൽ 12/26 എയിൽ ശിവകുമാർ ( 48 ) , കൊല്ലം ഇരവിപുരം അബ്ദുള്ള മൻസിലിൽ മിൻഹാജ് ( 37 ) എന്നിവരാണ് പിടിയിലായത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന രാത്രികാല വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കമ്പം തേനിയിൽ നിന്നും കൊല്ലം വഴി ആറ്റിങ്ങൾ ഭാഗത്തേക്ക് പോകുകയായിരുന്ന ടാറ്റാ എയ്സ് വാഹനത്തിൽ നിന്നുമാണ് ദേശീയപാതയിൽ കടമ്പാട്ടുകോണത്തു വച്ച് 3 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ എക്സൈസ് പിടികൂടിയത്.

ഇവർ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നവരാണെന്നും വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും എക്സൈസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ നൗഷാദ് , പ്രിവന്റീവ് ഓഫീസർമാരായ ബിജു , അഷറഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ , താരിഖ് , സജീർ , അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സി.ഐ നൗഷാദ് അറിയിച്ചു.