രോഗമുക്തി നേടിയ ശേഷം മരണപ്പെട്ട മുളയ്ക്കലത്ത്കാവ് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു, ചികിത്സയിലിരിക്കെ മരിച്ച പോങ്ങനാട് സ്വദേശിയുടെ സംസ്കാരം നാളെ

ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പോങ്ങനാട്, പഴയചന്ത സ്വദേശി രാജൻ ബാബുവിൻ്റെ ഭൗതിക ശരീരം നാളെ രാവിലെ കോവിഡ് പ്രോട്ടോകാൾ പ്രകാരം കാനാറ സമത്വതീരം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നു എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു. ഗുരുതര ജീവിത ശൈലി രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.

ഇന്നലെ രാത്രി മരിച്ച മുളയ്ക്കലത്ത്കാവ് സ്വദേശി തങ്കപ്പക്കുറുപ്പിൻ്റെ (70) ഭൗതിക ശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇദ്ദേഹത്തിന് നാളുകൾക്ക് മുമ്പ് കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ ചികിത്സയിൽ രോഗം ഭേദമായതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ജാഗ്രതയുടെ ഭാഗമായി സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിൻ്റെ മക്കൾ സംസ്കാര ചടങ്ങുകൾ നിർവ്വഹിച്ചത്.

പ്രദേശത്ത് ഇന്നും കുറച്ചു പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലുടെ രോഗം പകരുന്നത് തടയാൻ ആരോഗ്യവകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംഎൽഎ ഓർമപ്പെടുത്തി