കിഴുവിലത്ത് ഹോം കോറന്റൈനിൽ കഴിഞ്ഞിരുന്നയാളുടെ വീടിന് തീ പിടിച്ചു

കിഴുവിലം : കിഴുവിലത്ത് ഹോം കോറന്റൈനിൽ കഴിഞ്ഞിരുന്നയാളുടെ വീടിന് തീ പിടിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ സൈനുദീന്റെ വീടിനാണ് തീ പിടിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഷമീർ ആണ് വിദേശത്ത് നിന്ന് വന്ന് 28 ദിവസമായി വീട്ടു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വീട്ടിൽ ഷമീർ മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഫാനും, ടീവിയും എല്ലാം കത്തി നശിച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കില്ല. നിരന്തരം ഫാൻ ഉപയോഗിച്ചത് കാരണം ഫാനിൽ നിന്നാണ് തീ ഉണ്ടായതെന്ന് പറയപ്പെടുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും ചിറയിൻകീഴ് പോലീസും കിഴുവിലം പഞ്ചായത്ത്‌ ജനപ്രതിനിധികളും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.