മംഗലപുരം കുറക്കോട് 4 വാഹനങ്ങൾ അപകടത്തിൽപെട്ടു, 3 പേർക്ക് പരിക്ക്

മംഗലപുരം : മംഗലപുരത്ത് 4 വാഹനങ്ങൾ അപകടത്തിൽപെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 അര മണി കഴിഞ്ഞ് ദേശീയ പാതയിൽ കുറക്കോട് ആണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോയ മാരുതി സ്വിഫ്റ്റ് കാറും എതിർ ദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള മീൻ ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്ന് കറങ്ങി. ഈ സമയം കാറിന് പിന്നാലെ വന്ന മറ്റൊരു ലോറിയുമായി കാർ കൂട്ടിയിടിച്ചു. ഇതിനിടയിൽ എതിർദിശയിൽ നിന്ന് വന്ന ബൈക്കും അപകടത്തിൽപെട്ടു. കാറിൽ ഉണ്ടായിരുന്നത് ഒരു ഭാര്യയും ഭർത്താവുമാണ്. ഇരുവർക്കും പരിക്കുണ്ട്. സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കൂടാതെ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. മംഗലാപുരം പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.