ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ

ചിറയിൻകീഴ് : മൈസൂരിൽ മെക്കാനിക്കൽ ട്രയിനിയായ കഴക്കൂട്ടം സ്വദേശി വിഷ്ണുവിനെ ചിറയിൻകീഴ് പെരുങ്കുഴി കോളത്ത് റയിൽവേ ക്രോസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചുവരുത്തി സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നരവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി പിടിയിൽ. പെരുങ്കുഴി ചിലമ്പിൽ ഉണ്ണിക്കവിളാകം വീട്ടിൽ മൊബൈൽ ഉണ്ണി എന്ന് വിളിക്കുന്ന അഖിൽ (25) ആണ് റൂറൽ എസ്പിയുടെ ഷാഡോ ടീം പിടികൂടിയത്.

അഖിലിന്റെ അനുജൻ അച്ചു സംഭവ ശേഷം വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാനായിട്ടില്ലന്ന് പൊലീസ് പറഞ്ഞു. 2019 മാർച്ചിലായിരുന്നു സംഭവം . മൈസൂരുവിൽ മെക്കാനിക്കൽ ട്രെയിനിയായ വിഷ്ണുവിനെ സുഹൃത്തായ പെരുങ്കുഴി സ്വദേശി രാജ്സൂര്യൻ പെരുങ്കുഴിയിലെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാജ് സൂര്യൻ മറ്റു പ്രതികളുമായി ചേർന്ന് വിഷ്ണുവിനെ മർദിച്ച ശേഷം ഉപേക്ഷിച്ചുപോയി. ഏറെ നേരത്തിന് ശേഷം നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തിയ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

9 പേരടങ്ങുന്ന അക്രമി സംഘത്തിലെ 7 പേർ തൊട്ടടുത്ത ദിവസം തന്നെ പിടിയിലായിരുന്നു . മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം . ആറ്റിങ്ങൽ ഡി വൈ എസ് പി എസ് വൈ സുരേഷ് ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ എസ്പി യുടെ ഷാഡോ ടീം അംഗങ്ങളായ എസ് ഐ ബിജുഹക്ക്. പൊലീസുകാരായ സുധീർ, അനൂപ്, സുനിൽരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞിരുന്ന വിഴിഞ്ഞം മുക്കോലയിൽ നിന്നുമാണ് അഖിലിനെ പിടികൂടിയത്.