ആട്ടോറിക്ഷയിൽ കറങ്ങി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിവന്നയാൾ അറസ്റ്റിൽ

കല്ലമ്പലം : കല്ലമ്പലത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളിൽ ആട്ടോറിക്ഷയിൽ കറങ്ങി നിരോധിത പുകയില ഉത്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിവന്നയാൾ അറസ്റ്റിൽ. വർക്കല ചെറുകുന്നം രഘുനാഥപുരം കാഞ്ഞിരംകുഴി വീട്ടിൽ അഹദ് (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ചാക്കിൽ കെട്ടിയ നിലയിൽ പുകയില ഉത്പന്നങ്ങളുമായി ആട്ടോയിൽ വരവേ കല്ലമ്പലം ജംഗ്‌ഷനു സമീപം പൊലീസിന്റെ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്. വി, അനിൽ ആർ.എസ്, ജി.എസ്.ഐ ജയൻ, സി.പി.ഒ സുരാജ്,ഹോംഗാർഡ് ഹരി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.