സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട, ആറ്റിങ്ങൽ കോരാണിയിൽ 500 കിലോ കഞ്ചാവ് പിടികൂടി

ആറ്റിങ്ങൽ : കോരാണിയിൽ 500 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ക്യാബിനിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 500 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയത്.

ആറ്റിങ്ങലിൽ വീണ്ടും വൻ കഞ്ചാവ് വേട്ട, സംസ്ഥാനത്ത് ആദ്യമായി 500 കിലോ കഞ്ചാവ് പിടികൂടി.. #ആറ്റിങ്ങൽ

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Saturday, September 5, 2020

സംഭവത്തിൽ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.

മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തെ കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആറ്റിങ്ങൽ കോരാണിയിൽ നടന്നത്. രണ്ടാഴ്ച മുമ്പ് ആറ്റിങ്ങൽ ആലംകോട് നിന്നും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് സവാള കച്ചവടത്തിന്റെ മറവിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തിയിരുന്നത്.