ചിറയിൻകീഴിൽ മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ

ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. മുടപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് (38) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

വീട്ടുകാര്‍ക്കൊപ്പം ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയ്ക്ക് നൂല്‍ജപിച്ച്‌ നല്‍കാന്‍ വഴിപാട് നടത്തിയിരുന്നു. വഴിപാടും പ്രസാദവും കൈമാറാനെന്ന വ്യാജേന വഴിപാട് പുരയിലേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി ഒച്ചവച്ചതിനെ തുട‌ര്‍ന്ന് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.തുടർന്ന് പോലീസിൽ നൽകിയ പരാതിയിലാണ് പോക്സോ പ്രകാരം അറസ്റ്റ് രേഖപെടുത്തിയത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്‌വൈ സുരേഷിന്റ നിർദ്ദേശാനുസരണം ചിറയിൻകീഴ് ഐ.എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്‌.ഐമാരായ ഹരി, ഷജീർ, എസ്‌സിപിഒ ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സയന്റിഫിക് എക്സ്പേർട്ട്സും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.