ഏറ്റവുമധികം പച്ചത്തുരുത്തുകള്‍ നിര്‍മിച്ച് കരവാരം ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മിച്ച പഞ്ചായത്തെന്ന പദവി സ്വന്തമാക്കി കരവാരം ഗ്രാമപഞ്ചായത്ത്. ഹരിത കേരളo മിഷന്റെ സഹകരണത്തോടെ 45 പച്ചത്തുരുത്തുകള്‍ നിര്‍മിച്ചാണ് കരവാരം പഞ്ചായത്ത് ഈ ചരിത്ര നേട്ടം കൈവരിച്ചത്. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ റ്റി.എന്‍ സീമ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്ത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ബി. സത്യന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തിരുന്നു. നവംബറില്‍വനം വകുപ്പ് മന്ത്രി കെ. രാജു പത്തൊന്‍പതാംപച്ചത്തുരുത്തിന്റെ ഉദ്ഘാടനവും നടത്തിക്കൊണ്ട് ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്ത് ആയി കരവാരം ഗ്രാമപഞ്ചായതിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്ത്, തരിശു രഹിത പഞ്ചായത്ത്, ജില്ലാ വികസനോത്സവത്തില്‍ ഒന്നാം സ്ഥാനം, ആരോഗ്യ കേരളം പുരസ്‌കാരം, ഏറ്റവും മികച്ച പാലിയേറ്റിവ് പഞ്ചായത്ത് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ കരവാരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍,സെക്രട്ടറിശ്രീലേഖ, ഹരിതകേരളം മിഷന്‍ ആര്‍.പി രമ്യ വിശ്വനാഥന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.