തിരുവോണനാളിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നഗരൂർ പോലീസ് പിടികൂടി

നഗരൂർ : തിരുവോണനാളിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നഗരൂർ പോലീസ് പിടികൂടി. തോട്ടയ്ക്കാട് വടക്കോട്ട്കാവ് അമ്പലത്തിനു സമീപം അർവി ഭവനിൽ വിജയന്റെ മകൻ വിഷ്ണു (26) ആണ് അറസ്റ്റിലായത്.

തിരുവോണദിവസം പുലർച്ചെ വടക്കോട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അത്തപ്പൂക്കളം ഒരുക്കികൊണ്ടു നിൽക്കുന്ന സമയം ക്ഷേത്രത്തിനു എതിർവശം നീരജിന്റെ വീടിനു മുന്നിൽ കുറച്ചു പേർ മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും തമ്മിൽ ചീത്തവിളിക്കുകയും ചെയ്തപ്പോൾ നീരജ് വീടിനു മുന്നിൽ ചീത്തവിളിക്കാൻ പറ്റില്ലായെന്നു പറഞ്ഞു വിലക്കിയപ്പോൾ മദ്യപ സംഘം പിരിഞ്ഞു പോകുകയും ചെയ്തു. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന വിഷ്ണു പെട്ടന്ന് തന്നെ തന്റെ കാർ എടുത്തു നീരജിനെ ഇടിക്കാൻ വരികയും പ്രാണരക്ഷാർത്ഥം ക്ഷേത്ര വളപ്പിൽഓടി കയറിയ നീരജിനെ കാറിൽ പിന്തുടർന്ന് പിറകിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അതിനു ശേഷം പ്രതി ആ കാറിൽ തന്നെ അതിവേഗതയിൽ നഗരൂർ ഭാഗത്തേക്ക്‌ ഓടിച്ചു പോയി. പരിക്കേറ്റു കിടന്ന നീരജിനെ അത്തപ്പൂക്കളം ഇട്ടുകൊണ്ട് നിന്നവർ ഉടൻ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിൽ കൊണ്ടുപോയി. മനപ്പൂർവം കാറിടിച്ചു പരിക്കേൽപ്പിച്ചതിൽ തലനാരിഴക്കാണ് നീരജ് രക്ഷപെട്ടത്. പ്രതി വിഷ്ണുവിനെ നഗരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സാഹിൽ അറസ്റ്റ് ചെയ്തു. ഇടിച്ച കാർ ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഉപേക്ഷിച്ചു എന്നു പ്രതി പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും