നെടുമങ്ങാട്ട് ശാന്തിതീരം ആധുനിക പൊതുശ്മശാനത്തിൻ്റെ രണ്ടാം യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം 

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ പഴകുറ്റി കല്ലമ്പാറ കിള്ളിയാറിൻ്റെ തീരത്ത് ആരംഭിച്ച ശാന്തിതീരം ആധുനിക പൊതുശ്മശാനത്തിൻ്റെ രണ്ടാം യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

സി ദിവാകരൻ എം എൽ എ അധ്യക്ഷനായി. സംസ്ഥാനത്തിന് മാതൃകയായ രീതിയിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമിച്ച ആധുനിക പൊതുശ്മശാനം 2019 ഫെബ്രുവരി 19 നായിരുന്നു പ്രവർത്തനമാരംഭിച്ചത്. ഇതിനോടകം താലൂക്കിലെ തന്നെ വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന്
ആളുകളുടെ ശവസംസ്കാരങ്ങൾക്ക് ശാന്തിതീരത്തിൽ സൗകര്യമൊരുക്കി. ഒരേ സമയം കൂടുതൽ പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനെത്തുന്നതും സ്ഥല സൗകര്യങ്ങൾ മുൻനിർത്തിയുമാണ് രണ്ടാമത് ഒരു യൂണിറ്റ് കൂടി നിർമ്മിക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിച്ചത്. 90 ലക്ഷം രൂപ ചെലവിട്ട് നിർമ്മാണ നടത്തിയ ശ്മശാനത്തിൻ്റെ രണ്ടാം യൂണിറ്റാണ് നിലവിൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ , ലേഖാ വിക്രമൻ , ആർ മധു , പി ഹരികേശൻ , റ്റി ആർ സുരേഷ് കുമാർ ,കെ ഗീതാകുമാരി
റഹിയാനത്ത് ബീവി തുടങ്ങി വിവിധ ജനപ്രതിനികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.