അധ്യാപനരംഗത്തെ സമാന്തര ജീവിതങ്ങൾ: രാധാകൃഷ്ണൻ കുന്നുംപുറം

വീടുകളിൽ എത്തി കുട്ടികളെ പഠിപ്പിക്കുകയാണ് എഴുപതാം വയസ്സിലും.ആദ്യകാലത്ത് പാരലൽ കോളേജ് അധ്യാപകനായിരുന്നു. കുട്ടികൾക്കിടയിൽ ജീവിച്ചപ്പോൾ കാലം കടന്നു പോയതറിഞ്ഞില്ല. ഇപ്പോൾ വീടുകളിലെത്തി ചെറിയ കുട്ടികൾക്ക് ട്യൂഷനെടുക്കുന്നു. അവിവാഹിതനാണ്, രോഗിയും. അടുത്ത കാലത്തായി കാൽനടയാത്ര ഒഴിവാക്കാൻ നോക്കും. ഇരുചക്രവാഹനങ്ങൾ കണ്ടാൽ കൈകാട്ടി നിർത്തും. പഴയ വിദ്യാർത്ഥികളായവർ ശ്രദ്ധിച്ച് എത്തേണ്ടിടത്ത് എത്തിക്കും.

ഒരു ദിവസം മുന്നിൽപ്പെട്ടത് ”ന്യുജൻ സ്റ്റൈൽ ” ബൈക്കാണ്. ഓടിക്കുന്നത് താൻ നഴ്സറിക്കാലത്ത് പഠിപ്പിച്ച കുട്ടി. കൂടുതലൊന്നും ആലോചിക്കാതെ പഴയ അധ്യാപകൻ ബൈക്കിനു പിന്നിൽ കയറി. ഇരുന്നപ്പോഴേ ഒരു പന്തികേട് തോന്നി. കാൽ ഉളുക്കിയതുപോലെ. ഇരിപ്പുറപ്പിക്കുന്നതിനു മുൻപേ ബൈക്ക് പാഞ്ഞു. അല്പം കഴിഞ്ഞപ്പോഴാണ് താൻ റോഡിലാണെന്ന കാര്യം മനസ്സിലായത്. പയ്യൻ ബൈക്കിൽ തന്നെയുണ്ട്. സംഭവം കണ്ട് ഓടി എത്തിയവർ റോഡിൽ നിന്നും പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾആഎഴുപതുകാരൻ ഇങ്ങനെ പറഞ്ഞു.” അങ്ങനെ ഒരു പുതിയ അറിവുകൂടി നേടാനായി. വഴിയിൽ കാണുന്നവരൊക്കെ നമ്മളെ സഹായിക്കാൻ വരുന്നവരല്ലെന്ന് ഒരറിവു കൂടെ കിട്ടി “. അതു കൊണ്ടാണ്
ചിന്തകനായ ഓഷോ ഒരിക്കൽ ഇങ്ങനെ പറഞ്ഞത് ” ജീവിതം സംഭവിച്ചുകൊണ്ടിരിക്കലാണ്.ഇത് ഒരാൾ മനസ്സിലാക്കാൻ ഇടവരുമ്പോൾ അയാൾ ഒരു ഗുരുവായി തീരുന്നു.” സംഭവങ്ങളിലൂടെ അനുവങ്ങളെ മറികടന്ന ഇത്തരം ഗുരുപരമ്പരകളാണ് അധ്യാപനത്തിന് വെളിച്ചം പകർന്നത്.

ഓരോ പ്രതിഭാശാലിയും മികച്ച ഒരു അദ്ധ്യാപകന്റെ കണ്ടെത്തലാണ്. വിവേകാനന്ദന് പ്രൊഫസർ ഹെയ്റ്റ്സ്, അലക്സാണ്ടർക്ക് അരിസ്റ്റോട്ടിൽ,ഹെലൻ കെല്ലർക്ക് ആൻ സള്ളിവൻ എന്നിങ്ങനെ ചരിത്രത്തിലെ ആ കണ്ടുമുട്ടൽ നീളുന്നു. മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സിലേക്ക് പടർന്നു കയറാനും അവരുടെ ഉള്ളിൽ പ്രതീക്ഷകളുടെ വിത്തുപാകാനും കഴിയുന്ന ഗുരുനാഥൻമാരുടെ സാനിദ്ധ്യം ഒരനുഗ്രഹമാണ്. അവർക്കു നൽകുന്ന ശ്രദ്ധാഞ്ജലിയാണ് ഓരോ അധ്യാപക ദിനവും.
കേവലം ഒരു തൊഴിൽ എന്നതിനപ്പുറം അധ്യാപനത്തെ അനുഗ്രഹമാക്കി മാറ്റിയ എണ്ണമറ്റ മനുഷ്യരുണ്ട്. അവർക്ക് സർക്കാർ ശമ്പളമില്ല, മറ്റാനുകൂല്ല്യങ്ങളില്ല. പക്ഷേ അക്ഷരം പകർന്നു നൽകുന്നത് പുണ്യമായി കരുതുകയാണവർ. അധ്യാപനംആഹാരത്തിനുള്ളതുമാത്രം നൽകുമ്പോഴും സന്തോഷത്തോടെ ജീവിക്കുന്നവർ.സമാന്തര കോളേജധ്യാപരായും പിന്നീട് ട്യുഷൻ ടീച്ചർമാരായും അവർ ജീവിതം ജീവിച്ചു തീർക്കുന്നു. അവസാന കാലം അവർക്ക് നൽകുന്നത് രോഗവും അവഗണനകളുമാണ്. പക്ഷേ അപ്പോഴും സാർ, എന്ന അപ്രതീക്ഷിതമായ ഒരു വിളി കേൾക്കുമ്പോൾ അവർ ജീവിത ദു:ഖങ്ങളെ മറക്കുന്നു.അദ്ധ്യാപകദിനത്തിലടക്കംഅധികാരികൾ മറന്നു പോകുന്ന എത്രയോ ഉന്നത അധ്യാപകവ്യക്തികൾ നമുക്കു മുന്നിലുണ്ട്. നിശബ്ദം ,നിരന്തരം പ്രവർത്തിക്കുന്ന അവരെ നയിക്കുന്നത് അക്ഷരവെളിച്ചത്തിന്റെ ശക്തി ചൈതന്യങ്ങൾ മാത്രമാണ്.മികച്ച അധ്യാപക അവാർഡ് ആരും നൽകാനില്ലാത്ത, കുട്ടികളെത്തേടി വീട്ടുമുറ്റത്തെത്തുന്ന നിരവധി അദ്ധ്യാപകർനമ്മുടെ ഗ്രാമങ്ങളിൽ ഇപ്പോഴുമുണ്ട്. ഈ അദ്ധ്യാപകദിനത്തിൽ ആ നിശബ്ദ ജീവിതങ്ങളെയും നാം ഓർക്കേണ്ടതല്ലേ.

ബഹുമുഖ പ്രതിഭയായ ഡോക്ടർ എസ്.രാധാകൃഷ്ണനെപ്പോലെ ഒരു രാഷ്ട്രപതി നമുക്കുണ്ടായതിൽ നമുക്കഭിമാനിക്കാം. അദ്ദേഹത്തിന് രാഷ്ട്രപതി പദവി ലഭിച്ചത് ലോകത്തെ തത്ത്വചിന്തക്ക് ലഭിച്ച അംഗീകാരമാണെന്ന് ബർട്രാണ്ട് റസ്സലിനെപ്പോലുള്ള വിശ്വചിന്തകൻ അഭിപ്രായപ്പെട്ടു. അതു കൊണ്ടാണ് ഡോക്ടർ എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഇന്ത്യ അധ്യാപക ദിനമാക്കിയത്. ലോക അദ്ധ്യാപകദിനം 5 ന് ആചരിക്കുമ്പോഴും ഇന്ത്യൻ സമൂഹത്തിന് മറക്കാനാകാത്ത വിശ്വ ചിന്തകനായി സോക്ടർ എസ്.രാധാകൃഷ്ണൻ ഇന്നുംനിലകൊള്ളുന്നു.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അടക്കമുള്ള പ്രശസ്ത കലാലയങ്ങളിലെ അധ്യാപകൻ, തത്ത്വചിന്തകൻ, പ്രഭാഷകൻ, ഭരണാധികാരി എന്നിങ്ങനെ വിവിധ രംഗങ്ങളിലെ അതുല്ല്യ പ്രതിഭ. തീർച്ചയായും എന്നും അദ്ധ്യാപക ലോകത്തിന് മാതൃകയാക്കാവുന്ന മികച്ച വ്യക്തിത്ത്വം. അത്തരം ഒരപൂവ്വ മനുഷ്യനിൽ നിന്നും നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്, പ്രത്യേകിച്ച് പുതിയ തലമുറയിലെ അധ്യാപകർക്ക് ഒട്ടേറെ കാര്യങ്ങൾ സ്വീകരിക്കാനുണ്ട്.അനുഭവം, അറിവ് ആത്മാർത്ഥത ഇവയാണ് ഒരു മികച്ച അധ്യാപകന്റെ കരുത്തെന്ന് അധ്യാപക സമൂഹത്തെ ഓർമ്മപ്പെടുത്തുകയാണ് ഡോക്ടർ എസ്.രാധാകൃഷ്ണന്റെ ജീവിതം. അധ്യാപനമെന്നാൽ കേവലം ഒരു തൊഴിലല്ലെന്ന് അദ്ദേഹം തെളിയിച്ചു. മുന്നിലിരിക്കുന്ന കുട്ടികളുടെ ഉള്ളിലെ സർഗ്ഗാത്മ ചിന്തകളെ വളർത്തിയെടുക്കേണ്ടത് അധ്യാപകരുടെ കടമയാണെന്ന് ഓർമ്മപ്പെടുത്തി. ഓരോ അധ്യാപക ദിനവും അത്തരം ഉയർന്ന ചിന്തകളാൽ സമ്പന്നമാക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.