അർധരാത്രി റോഡിലൂടെ നടന്നെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പോലീസുകാർ വീട്ടിലെത്തിച്ചു

അയിരൂർ : അർധരാത്രി റോഡിലൂടെ നടന്നെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പോലീസുകാർ വീട്ടിലെത്തിച്ചു. 21 വയസ്സുകാരിയെയാണ് മണിക്കൂറുകൾക്കുള്ളിൽ അയിരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ജെ. ജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വീട്ടുകാരെ ഏൽപിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ജയകുമാർ ഹോംഗാർഡ് അനിൽകുമാറിനൊപ്പം പട്രോളിങ്ങിനു ചാവർകോട് എത്തിയത്. പുലർച്ചെ ഒരു മണിയോടെ സ‍ഞ്ചിയുമായി നടന്നു വന്ന യുവതിയെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. ചില സ്ഥല പേരുകളുടെ സൂചന പ്രകാരം ഒന്നര മണിക്കൂറോളം പൊലീസ് വാഹനം ചാവർകോട് മുതൽ മൂന്നു കിലോമീറ്റർ അകലെയുള്ള പാരിപ്പള്ളിയിലെ നീരോന്തി വരെ എത്തിച്ചേർന്നു. ചിലരിൽ നിന്നു ലഭിച്ച സൂചന പ്രകാരമാണ് ഒടുവിൽ വീട്ടുകാരെ കണ്ടെത്തിയത്. എന്നാൽ മകൾ രാത്രി ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.