പൂർവവിദ്യാർഥി കൂട്ടായ്മയുടെ വാട്സാപ്പ്‌ ഗ്രൂപ്പിൽ അശ്ലീല പോസ്റ്റുകൾ ഇടുന്നതിനെതിരെ പരാതി

ചിറയിൻകീഴ് : കൂന്തള്ളൂർ ഹൈസ്‌കൂളിലെ 1987-എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥിക്കൂട്ടായ്മയുടെ വാട്സാപ്പ്‌ ഗ്രൂപ്പായ ‘ഓർമകൾ-87’ ൽ അശ്ലീല പോസ്റ്റുകളിടുന്ന പൂർവവിദ്യാർഥിയായ മുടപുരം സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്മിനും മറ്റംഗങ്ങളും ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.

ഈ ഗ്രൂപ്പിൽ അംഗമായതു മുതൽ ഇയാൾ അശ്ലീല പോസ്റ്റുകളിടുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങളോട് അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇയാളെ ഗ്രൂപ്പിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജപ്പേരിൽ അഡ്മിനെ കബളിപ്പിച്ച് ഇയാൾ വീണ്ടും ഗ്രൂപ്പിൽ കടന്നുകൂടി തുടർന്നും അശ്ലീല പോസ്റ്റുകൾ ഇടുന്നുവെന്നാണ് പരാതി.