വിദേശത്ത് ജോലി വാ​ഗ്ദാനം നൽകി പണം തട്ടിപ്പ്, കല്ലമ്പലത്ത് ഡോക്ടർ അറസ്റ്റിൽ

 

കല്ലമ്പലം : വിദേശത്ത് ജോലി വാ​ഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. കല്ലമ്പലം കരവാരം ശിവകൃപയിൽ ഡോ. ജെ പി അമൃത പ്രസാദാണ്‌ (34) പിടിയിലായത്. 2018ൽ കല്ലമ്പലത്തിനടുത്ത്‌ ചാത്തമ്പാറയിലെ  സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന പ്രതി അവിടെ മെയിൽ നേഴ്സായി ജോലിചെയ്തിരുന്ന വിനോദിന് ദുബായിൽ മാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്യുകയും അഞ്ചു ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. വിനോദിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. ഏറെ നാൾ കഴിഞ്ഞിട്ടും വിനോദിന് ജോലിയോ വിസയോ കിട്ടിയില്ല. വാങ്ങിയ പൈസയും തിരിച്ചുകൊടുത്തില്ല. ഇതോടെ വിനോദിന്റെ അച്ഛൻ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്ന്‌ കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌‌ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. ഈ വിവരമറിഞ്ഞ അമൃതപ്രസാദ്‌ പല ആശുപത്രികളിൽ മാറി മാറി ജോലി ചെയ്‌ത്‌ വരുകയായിരുന്നു.

കല്ലമ്പലം സബ് ഇൻസ്പെക്ടർ വി. ഗംഗാപ്രസാദ്, ഗ്രേഡ് സബ് ഇൻസ്പെക്ടർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രാഗേഷ്‌ലാൽ എന്നിവർ അടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു