യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

 

വിതുര :വിതുര മരുതാമല മക്കി സ്വദേശിനിയായ യുവതിയെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിൻസ് മോഹനനെ (32) പോലീസ് അറസ്റ്റ് ചെയ്തു. വിതുര സി.ഐ എസ്.ശ്രീജിത്ത്, എസ് ഐ എസ്.എൽ സുധീഷ്, എ.എസ്.ഐ അബ്ദുൽ കലാം, എസ് സി പി ഒ പ്രദീപ്, അഭിലാഷ്, സി.പി.ഒ ശരത്ത്, നിധിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിതുര ജേഴ്സിഫാമിലെ ജീവനക്കാരിയും വിവാഹിതയും ആയ യുവതി 29/04/2020ന് ഫാമിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ചാണ് ഫാമിലെ ഡ്രൈവറായ പ്രതി സമീപത്തുള്ള ഇയാളുടെ സ്വകാര്യ ഫാമിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവത്തിനുശേഷം പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ നിരവധിതവണ പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്‌. തുടർന്ന് ഗർഭിണിയായ യുവതിയെ അബോഷൻ നടത്താൻ പ്രതി പലതവണ നിർബന്ധിക്കുകയും വിസമ്മതിച്ച യുവതിക്ക് മറ്റൊരു അസുഖം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരുന്ന് നൽകി ഗർഭം അലസിപ്പിച്ചതായും പരാതിയിൽ പറയുന്നു. മാത്രമല്ല പീഡനദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ പ്രതി യുവതിയിൽ നിന്നും വാങ്ങിയിരുന്നതായും പറയുന്നു.

പ്രതിയുടെ പേരിൽ വിതുര ബോണക്കാട് കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ വനഭൂമി അതിക്രമിച്ച് കയറിയതിനും പോലീസ് ഉദ്യോഗസ്ഥരെയും വനപാലകരെയും ആക്രമിച്ചതിനു ബോണക്കാട് എസ്റ്റേറ്റിലെ തേയില ഫാക്ടറിയിൽ നിന്നും 2 ലക്ഷത്തോളം രൂപയുടെ യന്ത്ര സാമഗ്രികൾ മോഷണം ചെയ്തത് ഉൾപ്പെടെ പത്തോളം കേസുകൾ വിതുര പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.