വോട്ട് നൽകില്ലെന്ന് ബോർഡ്‌ പതിച്ച് വലിയമല നിവാസികൾ…

തിരുവനന്തപുരം: ”ഈ വീട്ടില്‍ വോട്ടില്ല” എന്ന പ്രഖ്യാപനവുമായി നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വലിയമല നിവാസികള്‍. നെടുമങ്ങാട് നഗരസഭയിലെ 17, 20, 21 വാര്‍ഡുകളിലെ 191 കുടുംബങ്ങളാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച വലിയമല ഐഎസ്ആര്‍ഒ വികസന പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂ ഉടമകളുമായി ധാരണയിലെത്തി എങ്കിലും ഇതുവരെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാത്തതില്‍ പ്രതിക്ഷേധമാണ് 191 കുടുംബങ്ങളിലെ 500ലധികം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

15ഒക്ടോബറിലാണ് ഐഎസ്ആര്‍ഒ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. മൂന്നുമാസത്തിനകം സ്ഥലം ഏറ്റെടുക്കുമെന്നായിരുന്നു വാഗ്ദാനം. പൊന്നുംവില കിട്ടുമെന്നതിനാല്‍, വര്‍ഷങ്ങളായി കൃഷിയും മറ്റുമായി ഇവിടെ താമസിച്ചിരുന്നവര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് എതിര്‍പ്പും പ്രകടിപ്പിച്ചില്ല.

എന്നാല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സ്ഥലമേറ്റെടുപ്പ് വൈകി. ഇതോടെ പ്രദേശത്തെ 69 ഏക്കറോളം ഭൂമിയില്‍ കൃഷി ചെയ്യാനോ, കരം തീര്‍ക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങള്‍. മാത്രമല്ല തദ്ദേശവാസികള്‍ക്ക് വസ്തു വച്ച് ലോണ്‍എടുക്കാനോ, മറ്റുള്ള ക്രയവിക്രയങ്ങള്‍ നടത്താനോ സാധിക്കുന്നുമില്ല.

വീടുകള്‍ പുതുക്കി പണിയാന്‍ കഴിയാതെ ചില കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. സ്ഥലം എടുക്കാന്‍ ഐഎസ്ആര്‍ഒയുമായി ധാരണയായതിനാല്‍ മുന്‍സിപ്പാലിറ്റിക്ക് ഭവന പദ്ധതികളില്‍ ഇവരെ ഉള്‍പ്പെടുത്താനും കഴിഞ്ഞില്ല. നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും 5 വര്‍ഷമായിട്ടും സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഫണ്ടില്ലാത്തതിനാലാണ് സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതെന്നാണ് കളക്ടറേറ്റില്‍ നിന്നു ലഭിക്കുന്ന വിവരം.
നെടുമങ്ങാട് നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കൗണ്‍സിലര്‍മാരുടെ കെടുകാര്യസ്ഥത കാരണം അതും നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതുകൊണ്ടു തന്നെ വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത കിടപ്പാടം പോലുമില്ലാതെ കഴിയുന്ന ഞങ്ങളോട് വോട്ടുചോദിക്കാന്‍ പോലും ഇങ്ങോട്ട് ആരും വരേണ്ട എന്ന നിലപാടിലാണ് വലിയമല നിവാസികള്‍