വെമ്പായം കൊപ്പത്ത് ആംബുലൻസ് നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്

 

വെമ്പായത്തിന്‌‌ സമീപം ബൈക്കിലിടിച്ച്‌ നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം കുതിരകുളം മേലതില്‍ വീട്ടില്‍ കുമാര്‍(41), ആംബുലന്‍സ് ഡ്രൈവര്‍ പേരൂര്‍ മുളവന പുത്തന്‍വീട്ടില്‍ സജീര്‍(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30ന് എംസി റോഡില്‍ വെമ്പായത്തിനുസമീപം കൊപ്പത്തായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍‌സ് കൊപ്പത്തുവച്ച് ബൈക്കിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരും വെഞ്ഞാറമൂട് പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.