ദോഷങ്ങൾക്ക് പരിഹാരമായി പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയ വ്യാജ സിദ്ധൻ പിടിയിൽ

ആളുകളിൽ നിന്ന് ദോഷങ്ങൾക്ക് പരിഹാരമായി പൂജ ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും വാങ്ങി മുങ്ങുന്ന വ്യാജ സിദ്ധൻ പിടിയിലായി.കന്യാകുളങ്ങര പെരുങ്കൂർ സ്വദേശി അഭിമന്യുവിനെയാണ് (19) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പദ്മനാഭസ്വാമി ക്ഷേത്രം തന്ത്രിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പദ്മനാഭസ്വാമി ക്ഷേത്ര പരിസരങ്ങളിൽ തന്ത്രി വേഷത്തിൽ കറങ്ങി നടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകൾ നടത്തുകയാണ് ഇയാളുടെ പതിവ്.പൂജയ്ക്ക് എത്തുന്നവർക്ക് പരിഹാരമായി ഏലസും കർമ്മങ്ങളും ചെയ്ത് തരാമെന്ന് പറഞ്ഞ് സ്വർണ്ണാഭരങ്ങളും പണവും വാങ്ങി മുങ്ങുകയാണ് രീതി.വിതുര സ്വദേശിയായ ഒരു വീട്ടമ്മയിൽ നിന്നും ഒന്നര പവന്റെ മൂന്ന് സ്വർണ്ണ മോതിരങ്ങളും 13,000 രൂപയും തട്ടിയെടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ അറസ്റ്റ് വിവരം അറിഞ്ഞെത്തിയ വട്ടപ്പാറ സ്വദേശിയായ യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയിൽ നിന്നും 10,000 രൂപയുടെ വെളളിപ്പാത്രങ്ങൾ തട്ടിയെടുത്തന്നും പൊലീസ് കണ്ടെത്തി.ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്,ജെ.എസ്.ഐ മാരായ സജു എബ്രഹാം,സെൽവിയസ് രാജ്,സി.പി.ഒമാരായ ബിനു, വിനോദ്, പ്രമോദ്,മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.