പാലോട് : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നന്ദിയോട് ചെറ്റച്ചൽ റോഡിനോടനുബന്ധിച്ചുള്ള സൈഡ് വാൾ നിർമ്മാണത്തിലും ക്രമക്കേടെന്ന് ആക്ഷേപം. 9.68 കോടി രൂപ ഉപയോഗിച്ച് നന്ദിയോട് മുതൽ ചെറ്റച്ചൽ വരെ നിർമ്മിക്കുന്ന റോഡിൽ പച്ച ജംഗ്ഷനിലുള്ള തോടിൽ റോഡ് സംരക്ഷണത്തിനായ് കെട്ടിയ കരിങ്കൽ ഭിത്തിയാണ് തകർന്നു വീണത്.വർഷങ്ങൾക്ക് മുൻപ് കെട്ടിയ സംരക്ഷണഭിത്തി ഇപ്പോഴും സുരക്ഷിതമായിരിക്കുമ്പോഴാണ് പുതുതായി കെട്ടിയ കരിങ്കൽ കെട്ട് ഇടിഞ്ഞത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയതായി കെട്ടിയ കൽകെട്ടുകൾക്കൊന്നും യാതൊരു വിധ ബലവും ഇല്ല എന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഈ അപകടം ഉണ്ടായത്.അടിയന്തിരമായി അധികൃതർ റോഡ്നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിച്ച് മേൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
