പുതുമ നഷ്ടപ്പെടാതെ തലമുറകളെ താലോലിച്ച ആട്ടുതൊട്ടിൽ

 

ആറ്റിങ്ങൽ : ആറരപ്പതിറ്റാണ്ടിന്റെ പ്രായമുണ്ടെങ്കിലും പുതിതലമുറയെ ആട്ടിയുറക്കാനുള്ള ഒരുക്കത്തിലാണ് മുത്തശ്ശിയായ ഈ ആട്ടുതൊട്ടിൽ. മൂന്നു തലമുറകൾ താരാട്ടു കേട്ടുറങ്ങിയത് ഇതിന്റെ മാറിലാണ്.ഈ ആട്ടുതൊട്ടിലിന്റെ തന്റെ മകൻ കിയാനു വേണ്ടി കാത്തു സൂക്ഷിച്ചിരിക്കുന്നത് പാലസ് റോഡ്, കാളിവിളാകത്തിനു സമീപം എസ്.പി. വില്ലയിൽ കൃഷ്ണപ്രശാന്താണ്. 63 വർഷം മുൻപ് കൃഷ്ണപ്രശാന്തിന്റെ അമ്മ പത്മകുമാരിക്കായി പണിതതാണ് ഈ ആട്ടുതൊട്ടിൽ. കാലത്തിനൊപ്പം പല കുഞ്ഞുങ്ങൾക്ക് ആടിയുറങ്ങാൻ ഇടം നൽകിയ തൊട്ടിലിനെ കൃഷ്ണ പ്രശാന്ത് അറ്റകുറ്റപ്പണികൾ തീർത്ത് ഒരു സുന്ദരി മുത്തശ്ശിയാക്കി മാറ്റിയിരിക്കുന്നു. ആഴ്ചകൾ നീണ്ട പരിശ്രമത്തിലാണ് തടിയിൽ ശില്പ നിർമ്മാണം നടത്തുന്ന ജയൻ ഈ ആട്ടു തൊട്ടിലിനെ മിനുക്കിയെടുത്തത്. പഴമയുടെ സൗന്ദര്യം നഷ്ടമാകാതെ പ്രായം ബാധിച്ച ഭാഗങ്ങൾ മാറ്റി നിർമ്മിച്ചപ്പോൾ ആട്ടു തൊട്ടിൽ കൂടുതൽ സുന്ദരിയായി. അദ്ദേഹത്തിന്റെ പാലസ് റോഡിലുള്ള പണിശാലയിൽ തൊട്ടിൽ കണ്ടപ്പോൾ ഏറെ ആവശ്യക്കാരുണ്ടായി. ഇനി പഴമയുടെ പ്രൗഢിയും സൗന്ദര്യവും ചോരാതെ തൊട്ടിൽ നിർമ്മിക്കാനുള്ള ചിന്തയിലാണ് ജയൻ.കുട്ടികളുടെ കണ്ണുകളെ ആകർഷിക്കുന്ന ശില്പഭംഗിയാണ് ഇത്തരം തൊട്ടിലുകളുടെ പ്രത്യേകത.പ്രകൃതിയോട് അടുത്തു നിൽക്കുന്നതും, കാഴ്ചഭംഗി നിറഞ്ഞതുമാണ് ഇതിന്റെ നിർമ്മാണരീതി.കാലത്തിന്റെ മാറ്റത്തിനിടയിലും ആറര പതിറ്റാണ്ട് പ്രായമായൊരു വീട്ടുപകരണം വീടിന്റെ ഐശ്വര്യമാണെന്നാണ് ശില്പികൂടിയായ ജയന്റെ അഭിപ്രായം