കോരാണിയിൽ റോഡ് വശത്ത് യുവാവിനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 

ആറ്റിങ്ങൽ : വിവാഹിതനായ യുവാവും വിവാഹിതയായ യുവതിയും തമ്മിലുള്ള അടുപ്പം കത്തിക്കുത്തിൽ കലാശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 അര മണിയോടെ ആറ്റിങ്ങൽ കോരാണിയിൽ റോഡ് വശത്ത് വെച്ചാണ് യുവാവിന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ മംഗലപുരം നിതീഷ് ഭവനിൽ നിതീഷ് ( 30 ) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ സ്ത്രീയിൽ നിന്നാണ് കത്തിക്കുത്തിന്റെ കാരണം പുറത്തറിയുന്നത്. മംഗലപുരം സ്വദേശിയായ നിതീഷ് കുറച്ചു നാളായി നെടുമങ്ങാട് ഭാര്യാ വീട്ടിലാണ് താമസം. അവിടെ ഒരു അക്ഷയ കേന്ദ്രത്തിലാണ് ജോലി നോക്കിയിരുന്നത്. ഇതിനിടയിൽ വെഞ്ഞാറമൂട് സ്വദേശിനിയായ വിവാഹിതയായ സ്ത്രീയുമായി അടുപ്പത്തിലായി. തുടർന്ന് സ്ത്രീയുടെ ഭർത്താവ് ഇതറിഞ്ഞ് വലിയ പ്രശ്നം ഉണ്ടാകുകയും നിതീഷിനൊപ്പം പൊയ്ക്കോ എനിക്ക് വേണ്ടെന്നും പറഞ്ഞ് സ്ത്രീയുടെ ഭർത്താവ് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ദമ്പതികൾ വീണ്ടും ഒന്നിച്ചു. ഇപ്പോൾ വീണ്ടും സ്ത്രീയ്ക്ക് നിതീഷിനൊപ്പം പോകണമെന്ന് പറഞ്ഞു. തുടർന്ന് ഭർത്താവ് നിതീഷിനെ ഫോണിൽ ബന്ധപ്പെട്ട് കാര്യം പറയുകയും എന്റെ ഭാര്യയെ കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞു സംസാരിക്കുകയും ചെയ്തു. നിതീഷ് പിതാവിനെ കാണാൻ മംഗലപുരത്ത് എത്തിയിരുന്നു. അപ്പോഴാണ് അടുപ്പത്തിലായ സ്ത്രീയും ഭർത്താവും കോരാണിയിലെത്തുന്നത്. തുടർന്ന് തമ്മിൽ സംസാരിച്ചപ്പോൾ വാക്കേറ്റം ഉണ്ടാകുകയും നിതീഷിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സ്ത്രീയും ഭർത്താവും ചേർന്നാണ് കുത്തിയതെന്നും അതല്ല ഭർത്താവ് മാത്രമാണ് കുത്തിയതേന്നുമൊക്ക റിപ്പോർട്ട്‌ ഉണ്ട്. സംഭവത്തിൽ സ്ത്രീ പോലീസ് കസ്റ്റഡിയിലുണ്ട്.എന്നാൽ നിതീഷിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ കത്തിയുമായി തന്നെയാണ് സ്ത്രീയുടെ ഭർത്താവ് എത്തിയതെന്നാണ് സംശയം. കുത്തിപ്പരിക്കേൽപ്പിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഭർത്താവ് ഓടി മറഞ്ഞു..

കഴുത്തിലും വയറ്റിലും കുത്തേറ്റ നിതീഷിനെ ആദ്യം വലിയകുന്ന് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വയറ്റിലെ മുറിവ് ഗുരുതരമായതിനാൽ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിതീഷിന്റെ ഭാര്യയും കുടുംബവും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തിവരുന്നു