ആറ്റിങ്ങൽ കോരാണിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, ദമ്പതികൾ പിടിയിൽ

 

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോരാണിയിൽ റോഡ് വശത്ത് വെച്ച് നട്ടുച്ചയ്ക്ക് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പനവൂർ കൊല്ല അജിത് ഭവനിൽ രശ്മി(26) യെയും ഭർത്താവ് അജീഷി (26) നെയും പോലീസ് പിടികൂടി. കുത്തേറ്റ മംഗലപുരം ഇടവിളാകം നിജേഷ് ഭവനിൽ നിധീഷ് (30) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിലും വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിധീഷിന്റെ നില ഗുരുതരമാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് റോഡ് വശത്തെ കടയുടെ ചായ്പിലാണ് സംഭവം.രക്ഷപ്പെടാൻ ശ്രമിച്ച രശ്മിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവിൽ പോയിരുന്നു.

നിധീഷ് കുറച്ചു നാളായി നെടുമങ്ങാട് ഭാര്യാ വീട്ടിലാണ് താമസം. അവിടെ ഒരു അക്ഷയ കേന്ദ്രത്തിലാണ് ജോലി നോക്കിയിരുന്നത്. ഇതിനിടയിൽ വെഞ്ഞാറമൂട് സ്വദേശിനിയായ വിവാഹിതയായ രശ്മിയുമായി അടുപ്പത്തിലായി. തുടർന്ന് ഇക്കാര്യം അറിഞ്ഞതോടെ അജീഷും രശ്മിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കുടുംബ പ്രശ്നം സംബന്ധിച്ച് 19 ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചു.എന്നാൽ വീണ്ടും വഴക്കുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് രശ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഞായറാഴ്ച കോരാണിയിൽ കു‍ഞ്ഞുമായി രശ്മിയും അജീഷും എത്തിയിരുന്നു. തുടർന്ന് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. അജീഷ് ആണ് കുത്തിയതെന്നാണ് നിധീഷിന്റെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ടി രാജേഷ്കുമാർ, എസ് ഐ മാരായ ജിബി , ഐ.വി. ആശ, എ എസ് ഐ ജയൻ, പൊലീസുകാരായ ഡിനോർ, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത രശ്മിയെ കോടതിയിൽ ഹാജരാക്കി

കോരാണിയിൽ റോഡ് വശത്ത് യുവാവിനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്