ഡ്രൈവർ മദ്യ ലഹരിയിൽ, നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു നിർത്താതെ വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് യാത്രക്കാരുമായി സ്വകാര്യ ബസ് പാഞ്ഞു…

 

ആറ്റിങ്ങൽ : മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഡ്രൈവർ യാത്രക്കാരുമായി വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങൽ വരെ നിരവധി വാഹനങ്ങളിൽ ഇടിച്ചു കൊണ്ട് നിർത്താതെ പാഞ്ഞു. അപകടത്തിൽ നാലോളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സംഭവത്തിൽ ബസ് ഓടിച്ചിരുന്ന ശ്യാം എസ് നായറിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേക്ക് വന്ന കാർത്തിക ബസ് ആണ് റോഡിൽ ഭീതി സൃഷ്ടിച്ചു വാഹനങ്ങളെ ഇടിച്ചു കൊണ്ട് യാത്രക്കാരുമായി പാഞ്ഞത്. 20ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. വെഞ്ഞാറമൂട് നിന്ന് ബസ് എടുത്തത് മുതൽ ഡ്രൈവർ എവിടെയും നിർത്താതെ അമിത വേഗത്തിൽ പായുകയായിരുന്നു. ആറ്റിങ്ങലിലേക്കുള്ള യാത്രാ മധ്യേ നിരവധി വാഹനങ്ങളിൽ ഇടിച്ചെങ്കിലും ഇയാൾ ബസ് നിർത്തിയില്ല. ബസ്സിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ബസ്സിലിരുന്ന് നിലവിളിക്കുകയായിരുന്നു. ഒടുവിൽ മൂന്നുമുക്ക് ജംഗ്ഷനിൽ വെച്ച് ആറ്റിങ്ങൽ എസ്ഐ ജിബിയും സംഘവും ബസിന് കൈ കാണിച്ചെങ്കിലും പോലീസിനെ ഇടിച്ചു തെറിപ്പിക്കുന്ന രീതിയിൽ വാഹനം പാഞ്ഞടുക്കുകയും എസ്. ഐയും സംഘവും പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ബസ്സിനെ പിന്തുടർന്ന് ആറ്റിങ്ങൽ കെ. എസ്. ആർ. ടി. സി ഡിപോയ്ക്ക് സമീപം വെച്ച് പോലീസ് ബസ് തടഞ്ഞ് ഡ്രൈവറെയും ബസ്സിനെയും കസ്റ്റഡിയിലെടുത്തു.

ഇന്നത്തെ കാർത്തിക ബസ് ഡ്രൈവർ ആയിരുന്നയാൾ വെഞ്ഞാറമൂട് ജംഗ്ഷനിൽ വെച്ച് പുറത്തു ഇറങ്ങിയ സമയം കണ്ടക്ടർ ആയിരുന്ന ശ്യാം പെട്ടെന്ന് ബസ്സിൽ കയറി ബസ്സുമായി പോകുകയായിരുന്നു.