ചിറയിൻകീഴിൽ സഹോദരങ്ങൾ വീട്ടിലിരുന്നു വാറ്റിയത് എക്സൈസ് പിടികൂടി

 

ചിറയിൻകീഴ് : ചിറയിൻകീഴിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ചിറയിൻകീഴ് എക്സൈസ് റേഞ്ച് പരിധിയിൽ കിഴുവിലം മുടപുരം, എസ്. എൻ ജംഗ്ഷന് സമീപം ചരുവിള വീട്ടിൽ സഹദേവന്റെ മക്കളായ ദീപുവും സനലും ചേർന്ന് നടത്തിയ വാറ്റാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ റബ്ബർ പുരയിടത്തിലൂടെ ഓടി രക്ഷപെട്ടു. എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ദീപുവിന്റെ പേരിൽ നേരത്തെയും ചിറയിൻകീഴ് എക്സൈസ് പരിധിയിൽ കേസ് നിലനിൽക്കുന്നുണ്ട് അന്ന് മുതൽ ഇയാൾ എക്സൈസിനു പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ്.

തിരുവനന്തപുരം ഐബി യൂണിറ്റ് പ്രിവൻറ്റീവ് ഓഫീസർ സന്തോഷിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. എക്സൈസ് സംഘത്തെ കണ്ടു പ്രതികൾ ഓടിയതിനെ തുടർന്ന് വീടും പരിസരവും പരിശോധിച്ചതിൽ നിന്ന് വീടിന് സമീപത്തെ താത്കാലിക ഷെഡിൽ നിന്ന് 25 ലിറ്റർ ചാരായവും രണ്ടിടങ്ങളിലായി സൂക്ഷിച്ചു വെച്ചിരുന്ന 520 ലിറ്ററിന് മുകളിൽ വരുന്ന കോടയും വാറ്റ് ഉപകരണങ്ങളും 2000ത്തോളം രൂപയും കണ്ടെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ, പിഒ പീതാംബരൻ പിള്ള, ഐബി പിഒ സന്തോഷ്‌ കുമാർ, സിഇഒ അബ്ദുൽ ഹാഷിം, രതീഷ്, പ്രബോദ്, അക്ഷയ് എന്നിവർ പങ്കെടുത്തു.