വൈവിധ്യമാർന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ

 

മണമ്പൂർ : വൈവിധ്യമാർന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ. ഡിവിഷനിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിലുപരി ഭാവിയിൽ ചെറിയ വരുമാനം കൂടി ലഭിക്കത്തക്ക വിധത്തിൽ വീടുകളിൽ ഔഷധത്തോട്ട നിർമ്മാണം, ചുറ്റുപാടുമുള സസ്യ വൈവിധ്യത്തെക്കുറിച്ച് ഗവേഷണ സ്വഭാവത്തോടെ പ്രബന്ധം തയാറാക്കി പ്രസിദ്ധീകരിക്കൽ എന്നിവയാണ് പ്രധാന പരിപാടികൾ. മികവ് പുലർത്തുന്ന വിദ്യാലയങ്ങൾക്ക് പാരിതോഷികങ്ങളും നൽകുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി അറിയിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ കവലയൂർ ഗവ.എച്ച്.എസ്.എസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സഹജീവനം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് പരിപാടി. വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാവും പ്രവർത്തനങ്ങൾ നടക്കുക. പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.