ആറ്റിങ്ങലിൽ കല്യാണവീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു..

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അവനവഞ്ചേരിയിൽ കല്യാണ വീട്ടിൽ മോഷണം. ഇന്ന് വിവാഹം നടന്ന വീട്ടിലാണ് വധു വരന്മാരും ബന്ധുക്കളും വിവാഹ സൽക്കാരത്തിന് പോയ തക്കത്തിന് വീട്ടിൽ കയറി മോഷണം നടത്തിയത്.

അവനവഞ്ചേരി കിളിത്തട്ട്മുക്ക് ആർ. എസ് വില്ലയിൽ മിഥുന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് മിഥുൻറെ വിവാഹം ആയിരുന്നു. കൊടുവഴന്നൂർ സ്വദേശിനിയാണ് വധു. താലികെട്ട് കഴിഞ്ഞ് വധു വരന്മാരും ബന്ധുക്കളും മിഥുൻറെ വീട്ടിൽ എത്തിയ ശേഷം വിവാഹ സൽക്കാരത്തിന് ഹാളിൽ പോയി. സൽക്കാരത്തിന് പോകുന്നതിന് മുൻപ് സ്വർണാഭരണങ്ങളിൽ അധികവും വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടാണ് അവർ പോയത്.

സൽക്കാരം കഴിഞ്ഞ് രാത്രി വീട്ടിലെത്തി മുന്നിലെ പ്രധാന വാതിൽ തുറക്കാൻ നോക്കുമ്പോൾ അകത്തു നിന്ന് ആരോ കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയ വീട്ടുകാർ വീടിന്റെ പിൻവശത്ത് ചെന്ന് നോക്കുമ്പോൾ പിൻവാതിൽ തുറന്നും കിടക്കുന്നു. തുടർന്നുള്ള പരിശോധനയിലാണ് വീടിനുള്ളിലെ അലമാര തകർത്തു സ്വർണം കവർന്നതായി മനസ്സിലാകുന്നത്. 50 പാവനോളം സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് വിവരം.ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.