Search
Close this search box.

ദേശീയ പാത വികസനവും ആറ്റിങ്ങൽ ബൈപാസും : കെട്ടിടങ്ങളുടെ മൂല്യ നിർണയം വൈകുന്നു, പദ്ധതി നീണ്ടു പോകുന്നു

ei2GDJM50475

 

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന ദേശീയ പാത വികസന പദ്ധതി വീണ്ടും നീണ്ടു പോകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ദ്രുതഗതിയിൽ നടപടികൾ പുരോഗമിച്ചെങ്കിലും ഇപ്പോൾ പദ്ധതിയുടെ മെല്ലപ്പോക്ക് ജനങ്ങളിൽ ആശങ്കയും അമർഷവും ഉണ്ടാക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലും കെട്ടിടത്തിന്റെ മൂല്യ നിർണയവും നീളുന്നതിനാലാണ് പദ്ധതി അനന്തമായി നീളുന്നത്. അതുകൊണ്ട് തന്നെ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരത്തുക ലഭിക്കാനും വൈകുമെന്നാണ് അറിയുന്നത്.

2020 സെപ്തംബറിലാണ് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം വന്നത് . കഴക്കൂട്ടം, ആറ്റിങ്ങൽ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ നടക്കുന്നത്. ഭൂമിയുടെ വിലയ്ക്ക് പുറമേ ഭൂമിയിലുള്ള വൃക്ഷങ്ങൾ, കൃഷി, കെട്ടിടങ്ങൾ എന്നിവയുടെ മൂല്യം കണക്കാക്കിയാണ് ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഭൂമിയുടെ വിലനിർണയം റവന്യു, രജിസ്‌ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. മരങ്ങളുടെ വില വനംവകുപ്പും കാർഷികവിളകളുടെ മൂല്യം കൃഷിവകുപ്പും നിർണയിക്കുന്നു. ഈ മൂന്ന് നടപടികളും പൂത്തിയായി.
എന്നാൽ കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ദേശീയപാതാവിഭാഗം കെട്ടിടങ്ങളുടെ മൂല്യനിർണയ ചുമതല തമിഴ്‌നാട് കേന്ദ്രമാക്കിയുള്ള സ്വകാര്യ ഏജൻസിയെ ഏല്പിച്ചതായാണ് വിവരം. ഈ ഏജൻസി പലതവണ പരിശോധന നടത്തിയെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.ആയിരത്തോളം കെട്ടിടങ്ങളുടെ മൂല്യനിർണയമാണ് നടത്തേണ്ടത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള പ്രദേശത്തെ ഭൂമിയേറ്റെടുക്കൽ നടപടികൾ ആറ്റിങ്ങൽ സ്‌പെഷ്യൽ തഹസീൽദാർ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

45 മീറ്റർ വീതയിൽ 10.9 കിലോമീറ്ററിലാണ് ബൈപ്പാസ് റോഡ് ആസൂത്രണം ചെയ്തിട്ടുള്ളത്. കടമ്പാട്ടുകോണം – കഴക്കൂട്ടം പദ്ധതിക്കായി ഏറ്റവും കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടത് ആറ്റിങ്ങൽ ഭാഗത്താണ്. ഇവിടെ ഒരു കിലോമീറ്റർ റോഡിനായി 11.12 ഏക്കർ ഭൂമി ഏറ്റെടുക്കണം. മറ്റിടങ്ങളിൽ നിലവിലെ റോഡിന്റെ വശങ്ങളിൽ നിന്നുള്ള ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മാമം മുതൽ കഴക്കൂട്ടം വരെയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ കഴക്കൂട്ടം സ്‌പെഷ്യൽ തഹസീൽദാർ ഓഫീസ് കേന്ദ്രമാക്കിയാണ് നടക്കുന്നത്. മണമ്പൂർ മുതൽ മാമം വരെയാണ് ബൈപാസ് ഉൾപ്പെടുന്നത്. പരിശോധനകളെല്ലാം പൂർത്തിയായിട്ട് മാസങ്ങളായി. ഉടൻ തന്നെ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നതാണ്. എന്നാൽ കെട്ടിടങ്ങളുടെ മൂല്യനിർണയം യഥാസമയം കൃത്യമായ രീതിയിൽ പൂർത്തിയാക്കാത്തത് പദ്ധതിയെ മൊത്തത്തിൽ ബാധിക്കുന്നു. ഇത്രയും വലിയ പദ്ധതിയുടെ പ്രധാന നടപടിയായ കെട്ടിടങ്ങളുടെ മൂല്യ നിർണയം ഒട്ടും ഉത്തരവാദിത്തം കാണിക്കാതെ ചെയ്യുന്ന ഏജൻസിക്ക് നൽകിയത് ദേശീയ പാത വികസനം നീണ്ടു പോകാൻ കാരണമാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല ഓരോ സ്ഥലത്തും മൂന്നും നാലും തവണ കെട്ടിടങ്ങളുടെ മൂല്യ നിർണയത്തിന് ഒരേ സംഘം എത്തുന്നത് കെട്ടിട ഉടമകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഭൂമിയുടെ രേഖകൾ റവന്യൂ അധികൃതർക്ക് സമർപ്പിച്ച് നഷ്ടപരിഹാരം ഇപ്പോൾ ലഭിക്കുമെന്ന് കരുതി പല പദ്ധതികളും പ്ലാൻ ചെയ്ത ഉടമകളാണ് ഇതോടെ ദുരിതത്തിലായത്. പലരും അത്മഹത്യയുടെ വക്കിലാണെന്ന് നാട്ടുകാർ പറയുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇക്കാര്യം അടിയന്തിരമായി ഇടപെട്ട് പരിശോധിച്ച് പദ്ധതി ഇഴഞ്ഞു നീങ്ങാൻ കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!