ചിറയിൻകീഴിൽ കഞ്ചാവ് വേട്ട, രണ്ടുപേർ അറസ്റ്റിൽ

 

ചിറയിൻകീഴ് : ക്രിമിനൽ കേസ്സ് പ്രതിയടക്കം രണ്ട് പേരെ പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി ചിറയിൻകീഴ് പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാച്ചല്ലൂർ ,പനവിള വീട്ടിൽ റിയാസ്സ് (24) ,പാച്ചല്ലൂർ ,പനത്തുറ പള്ളിനട വീട്ടിൽ രാഹുൽ ( 24 ) എന്നിവരാണ് പിടിയിലായത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.

പിടിയിലായവർ നേരത്തെ കഞ്ചാവ് കേസ്സുകളിലും, ക്രിമിനൽ കേസ്സുകളിലും പിടിയിലായിട്ടുള്ളവരാണ്. കേരളാ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ ശേഖരിച്ച കഞ്ചാവാണ് ചില്ലറ വിൽപ്പനക്കായി ചിറയിൻകീഴ് എത്തിച്ചത്. ഇതിന് മുമ്പും ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. പെരുങ്ങുഴിയിൽ നടന്ന പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായ ഇവർ

കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത് . വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ മംഗലപുരത്ത് പോലീസ് പിടിയിലായിരുന്നു. ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി കഴിഞ്ഞ ആഴ്ച തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെ കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബുവിന്റെയും നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് ഇവർ അറസ്റ്റിലായത് .

ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി .മുകേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വി.എസ്സ്. വിനീഷ് എ.എസ്.ഐ ഷജീർ സി.പി.ഒ അരുൺ തിരു: റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എ.എസ്.ഐ ബി. ദിലീപ് , ആർ.ബിജുകുമാർ സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.