പ്രൗഢിയിലേക്ക് തിരിച്ചു വരാനൊരുങ്ങി കല്ലറച്ചന്ത

 

മത്സ്യവും പച്ചക്കറികളുടേയും കശുവണ്ടിയുടേയും കുരുമുളകിന്റേയും മറ്റു നാണ്യ വിളകളുടെയും കലവറ. വിവിധ സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്ന കർഷകരുടെ തിരക്ക്. ഇതിനു ചുവടുപിടിച്ച് ഉത്സവ പ്രതീതി ഉണർത്തി വിവിധതരം കച്ചവടങ്ങൾ മറുഭാഗത്ത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ തിക്കും തിരക്കുമായി ‘ചന്ത ദിവസം’ കൂടാൻ നാട്ടുകാരെത്തുന്നു. 20 വർഷങ്ങൾക്ക് മുൻപുള്ള കല്ലറ ചന്തയുടെ കാഴ്ചയായിരുന്നു ഇത്. ഇപ്പോൾ ചന്തയ്ക്കു പഴയ പ്രതാപമില്ല. നിറം മങ്ങിയ ചന്തയെ പഴയതിനേക്കാൾ മികച്ച രീതിയിൽ പുനരുദ്ധരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഡി.കെ. മുരളി എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയില് നിന്നും 3.68 കോടി അടങ്കൽ തുകയും അനുവദിച്ചു.

കല്ലറ-പാങ്ങോട് വിപ്ലവത്തിന്റെ നിർണ്ണായക തുടക്കം കുറിച്ച സ്ഥലമാണ് കല്ലറച്ചന്ത. ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലറ, കൊച്ചാലപ്പുഴ എന്ന പേരിൽ പ്രസിദ്ധമാണ്. വിവിധ ജില്ലകളിലും തമിഴ് നാട്ടിൽ നിന്നുമായി മൊത്തക്കച്ചവടക്കാർ എത്തി സാധനങ്ങൾ വാങ്ങിയിരുന്നു. വലിയ തോതിലെ മാട് വ്യാപാരവും ചന്തയുടെ പ്രത്യേകതയായിരുന്നു. പിൽക്കാലത്ത് കൃഷി കുറഞ്ഞതോടെ ചന്തയിലേക്ക് ആളുകളുടെ പ്രവാഹം കുറഞ്ഞു.

ഇപ്പോൾ ആധുനിക നിലവാരത്തിലേക്കു ചന്തയെ ഉയർത്തി പഴയ പ്രതാപം വീണ്ടെടുക്കാൻ തയ്യാറെടുക്കുകയാണ് അധികൃതർ. കല്ലറ ബസ് സ്റ്റാൻഡിന് സമീപം നിലവിൽ ചന്ത സ്ഥിതി ചെയ്യുന്ന ഒരേക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. രണ്ടു നിലകളിലായി പണിയുന്ന കെട്ടിടത്തിൽ ശീതീകരിച്ച മുറിയും ഐസ് സൂക്ഷിക്കുന്ന മുറികളുമുണ്ടാകും. 13 കടകളും 27 മത്സ്യ സ്റ്റാളുകളും ഓഫീസ് റൂമും ലേല ഹാളുമുണ്ടാകും.

ചരിത്രമുറങ്ങുന്ന മണ്ണിൽ ചന്തയുടെ നവീകരണം നാടിന്റെ മുഖച്ഛായ മാറ്റും. ശുദ്ധമായ പച്ചക്കറികളും മത്സ്യവും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വാണിജ്യ കേന്ദ്രമായി വീണ്ടും കല്ലറ ചന്ത മാറും. ബസ് സ്റ്റാൻഡിന് സമീപമായതിനാൽ കർഷകർക്കും കച്ചവടക്കാർക്കും വലിയ വിപണന സാധ്യതയും മുന്നിൽക്കാണാം. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വേഗത്തിൽ വിറ്റഴിക്കാൻ കഴിയുന്ന പഴയ പ്രൗഢമായ കല്ലറ ചന്തയെന്ന പ്രത്യാശ വീണ്ടും ഉടലെടുക്കുകയാണ്. പ്രതീക്ഷയർപ്പിച്ച് ഒരു നാട് കാത്തിരിക്കുന്നു.