നവകേരള പുരസ്‌കാരം പൂവച്ചൽ ഗ്രാമപഞ്ചായത്തിന്‌ സമ്മാനിച്ചു

 

പൂവച്ചൽ : നവകേരള സൃഷ്ടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുളള ജില്ലകൾക്കായി സർക്കാർ ആവിഷ്‌കരിച്ച ശുചിത്വ നഗരത്തിനും ശുചിത്വ ഗ്രാമത്തിനുമുളള നവകേരള പുരസ്‌കാരം പൂവച്ചൽ ഗ്രാമ പഞ്ചായത്തിന്‌ സമ്മാനിച്ചു. രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പുരസ്‌കാരവുമാണ് പൂവച്ചൽ പഞ്ചായത്തിന്‌ ലഭിച്ചത്‌. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണു പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.ഒരു ജില്ലയിൽ ഒരു ഗ്രാമ പഞ്ചായത്തിനും ഒരു നഗരസഭയ്ക്കുമാണ്‌ പുരസ്ക്കാരം നൽകുന്നത്‌.

പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ – ഗ്രാമ വികസന, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവ്വഹിച്ചു. നവകേരള കർമ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ അദ്ധ്യക്ഷത വഹിച്ചു.ജില്ലാതല പുരസ്ക്കാരദാന ചടങ്ങ്‌ പൂവച്ചലിൽ അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനൽ കുമാർ പുരസ്ക്കാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ഡി. സുരേഷ്‌ കുമാർമുഖ്യാഥിതിയായിരുന്നു. ,ജനപ്രതിനിധികൾ, സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.